കനത്ത മഞ്ഞ് അബുദാബിയില്‍ വാഹനാപകടം, കര്‍ശന നിര്‍ദ്ദേശങ്ങളുമായി പൊലീസ്
അബുദാബി: കനത്ത മഞ്ഞിനെത്തുടര്‍ന്ന് അബുദാബിയില്‍ വാഹനാപകടം. ഞായറാഴ്ച രാവിലെയാണ് അബുദാബി-സില റോഡില്‍ വാഹനാപകടം ഉണ്ടായത്. ജോലിക്കാരുമായി പോവുകയായിരുന്ന ബസും ട്രക്ക് ട്രെയിലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിയ്ക്കുകയും ആറ് ഏഷ്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചയാള്‍ അബുദാബി സ്വദേശിയാണ്. പരിക്കേറ്റവരില്‍ ഏതൊക്കെ രാജ്യക്കാരുണ്ടെന്നത് വ്യക്തമല്ല. കനത്ത മഞ്ഞിനെത്തുടര്‍ന്ന് റോഡിലെ കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണം. മഞ്ഞുള്ളതിനാല്‍ ലോ വിസിബിലിറ്റിയാകുമെന്നും ഡ്രൈവര്‍മാര്‍ ശ്രദ്ധിയ്ക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മഞ്ഞ് മാറുന്നത് വരെ വലിയ വാഹനങ്ങള്‍ ട്രക്കുകള്‍ എന്നിവ റോഡിലിറക്കരുതെന്ന് അബുദാബി ട്രാഫിക് വിഭാഗം മേധാവി കേണല്‍ അഹമ്മദ് അല്‍ സെയ്യൗദി പറഞ്ഞു. അബുദാബി- ദുബായ് റോഡ്, അബുദാബി- അല്‍ ഐന്‍, അബുദാബി-ഘുവൈഫത്ത് റോഡ് എന്നിവിടങ്ങളിലാണ് മഞ്ഞ് മാറുന്നത് വരെ വലിയ വാഹനങ്ങള്‍ ഇറക്കരുതെന്ന് നിര്‍ദ്ദേശമുള്ളത്. മഞ്ഞുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications