പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുന്നു, പട്ടിക തയ്യാറാക്കി
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് കുവൈത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നു. രാജ്യത്തെ കോ-ഒപ്പറേറ്റീവ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലായ് മാസത്തോടെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍വൈസറി തസ്തികയില്‍ ജോലി ചെയ്യുന്നവവരെയാണ് ഒഴിവാക്കുന്നത്. സഹകരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം പുറത്തുവന്നത്.
ജനസംഖ്യാ ഭേദഗതി കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന വെല്ലുവിളികള്‍ നേരിടാനും കൂടുതല്‍ കുവൈറ്റ് കേന്ദ്രീകൃത തൊഴില്‍ ശക്തിക്ക് വഴിയൊരുക്കാനും കൂടി വേണ്ടിയാണ് പുതിയ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത്.

സ്വദേശിവത്ക്കരണത്തോടുള്ള പ്രതിബദ്ധത, വിദേശ തൊഴിലാളികളെ മാറ്റി വിവിധ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിലുള്ള നടപടിയാണിത്. അടുത്ത കാലത്തായി നടന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിരുന്നു.
നിലവില്‍ ഓരോ സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കേണ്ട പ്രവാസികളുടെ പേരുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സൂപ്പര്‍വൈസറി തസ്തികയ്ക്ക് പിന്നാലെ മറ്റ് തസ്തികകളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിച്ചേക്കും. കുവൈറ്റ് പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക തൊഴിലാളികളുടെ മൊത്തത്തിലുള്ള ക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ സുപ്രധാന ചുവടുവെപ്പ് കുവൈത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് കരുത്തേകുമെന്നാണ് കരുതുന്നത്. ഈ തീരുമാനം പുറത്തുവന്നതോടെ കുവൈത്തിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, സൗദിയും അടുത്ത കാലത്ത് കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചിരുന്നു. സൗദിയിലെ പൗരന്മാര്‍ക്ക് 17,000 കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പദ്ധതി.












Click it and Unblock the Notifications