പെണ്‍കുട്ടിയെ പ്രസവിച്ച ഭാര്യയെ കൊന്നു
കാബൂള്‍: ആണ്‍കുട്ടിക്കു പകരം പെണ്‍കുട്ടി ജനിച്ചതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ചുകൊന്നു. അഫ്ഗാനിലെ കുണ്ഡുസ് പ്രവിശ്യയിലാണ് സംഭവം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം.
പതിനഞ്ചു വയസ്സുകാരിയെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ക്രൂരമായി പീഡിപ്പിച്ചതിനുശേഷം വേശ്യവൃത്തിയ്ക്ക് നിര്‍ബന്ധിച്ചതും ബലാത്സംഗത്തിനു വിധേയയായ കുട്ടിയെ അനാശാസ്യനിയമത്തിന്റെ പരിധിയില്‍ പെടുത്തി ജയിലിലടച്ചതും അഫ്ഗാനിസ്താനില്‍ തന്നെയാണ്. മുകളില്‍ പറഞ്ഞ രണ്ടു കേസുകളിലും കുറ്റക്കാരായ പുരുഷന്മാര്‍ക്കെതിരേ കേസുപോലുമില്ലെന്നതാണ് വിചിത്രമായ സംഗതി.
22 വയസ്സുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചുകൊന്നതിനുശേഷം ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് ഒളിച്ചോടിയിട്ടുണ്ട്. എസ്‌തോറെ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ആദ്യത്തെ കുട്ടി പെണ്‍കുട്ടിയായതുമുതല്‍ ഭര്‍ത്താവ് ഭീഷണി മുഴക്കുന്നതായി യുവതി ബന്ധുക്കളോട് പരാതി പെട്ടിരുന്നു.
പ്രശ്‌നം ദേശീയ ശ്രദ്ധ നേടിയതോടെ പോലിസ് സ്ഥലത്തെത്തി മുഹമ്മദിന്റെ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ എസ്‌തോറെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷേ, പോലിന്റെ ചോദ്യം കയറിന്റെ ഒരു കഷണമോ ശരീരത്തിലെവിടെയും മുറിവോ ഇല്ലാതെ എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്നാണ്.












Click it and Unblock the Notifications