അല്‍ അയ്‌നില്‍ ക്രിസ്ത്യന്‍ പള്ളിക്ക് അനുമതി
അല്‍ അയ്ന്‍: അബുദാബിയില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കാന്‍ പോകുന്നു. സെന്റ് ഡയോനിസിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കീഴില്‍ അല്‍ അയ്‌നിലെ സ്വന്തം സ്ഥലത്തായിരിക്കും പള്ളി പണിയുക. അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ആണ് പള്ളിക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
പള്ളി നിര്‍മ്മിക്കുന്നതിനായി അല്‍ അയ്‌നില്‍ പ്രത്യേകം സ്ഥലം അനുവദിച്ചിരിക്കുകയാണ് ഭരണകൂടം. മതകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ പള്ളി അധികൃതര്‍ക്ക് സാധിച്ചിരിക്കുന്നത്.
പള്ളി നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലം ലഭിക്കാന്‍ പള്ളി അധികൃതര്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി നടത്തുന്ന ശ്രമത്തിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് വീണ്ടും സമര്‍പ്പിച്ച അപേക്ഷയിന്‍മേലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഏപ്രില്‍ 20ന് തറക്കല്ലിടല്‍ ചടങ്ങ് നടക്കും. ഈ വര്‍ഷം തന്നെ ഡിസംബര്‍ 15 ആകുമ്പോഴേക്കും പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡിസംബര്‍ അവസാനത്തോടെ പള്ളി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് പരിപാടി. നിലവില്‍ ഇരുന്നൂറോളം സെന്റ് ഡയോനിസിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങള്‍ അല്‍ അയ്‌നിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്.
പുതുതായി ലഭിച്ച സ്ഥലത്ത് 1,500ഓളം ആളുകളെ ഉള്‍ക്കൊള്ളുന്ന പാരിഷ് ഹോള്‍ നിര്‍മ്മിക്കും. അതുപോലെ ബിഷപ്പുമാരും മറ്റു ഉന്നതരും സന്ദര്‍ശിക്കുമ്പോള്‍ വിശ്രമിക്കാന്‍ വിഐപി സ്യൂട്ടുകളും ഉണ്ടായിരിക്കും.












Click it and Unblock the Notifications