ഒമാനില്‍ കനത്ത മഴയും കാറ്റും:10 മരണം
മസ്ക്കറ്റ്: കനത്ത മഴയും വെള്ളപ്പൊക്കവും ഒമാനിലെ ജനജീവിതം താറുമാറാക്കി. ആകെ പത്തു പേരാണ് മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇതുവരെ മരിച്ചതായി റിപ്പോര്‍ട്ട്. ആറു പേര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. വെള്ളപ്പൊക്കം കാരണം ഒമാനിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിതിനെ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍ പെട്ട ഏഴു പേരെ രക്ഷാപ്രവര്‍ത്തന സേന രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട് മരിച്ചവരില്‍ ഒരു ആറു വയസ്സുകാരനും ഉള്‍പ്പെടുന്നു. രണ്ട് ഒമാനികളും, രണ്ട് പാക്കിസ്ഥാനികളും രണ്ട് യുഎഇ പൗരന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും. ശക്തമായ ഒഴുക്കില്‍ പെട്ട രണ്ടു പാക് പൗരന്‍മാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
വീട്ടിനുള്ളില്‍ വെള്ളം കേറിയ കാരണം വീടിന്റെ ടെറസില്‍ അഭയം പ്രാപിച്ച മൂന്നു കുടുംബങ്ങളെയാണ് ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് വന്ന് രക്ഷപ്പെടുത്തുകയാണുണ്ടായത്. അസുഖബാധിതയായ ഒരു സ്ത്രീയെയും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ പൊലീസ് അത്തരം സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ചയില്‍ കനത്ത ഇടിയും മഴയും കഴിഞ്ഞ് വെള്ളിയാഴ്ച ആയപ്പോഴേക്കും ഒമാനില്‍ തെളിഞ്ഞ ആകാശമാണ്. അതിനാല്‍ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഒമാന്‍ വാസികള്‍. കനത്ത മഴയും, അതിനോടൊപ്പം വന്ന ഇടിയും കാറ്റും എല്ലാം കൂടി ഒമാനിലെ താപനില വല്ലാതെ താഴ്ത്തിയിരിക്കുകയാണ്. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യ ബോര്‍ഡുകളും പറന്നു പോവുക വരെ ചെയ്തിട്ടുണ്ടായിരുന്നു ഒമാനില്‍.












Click it and Unblock the Notifications