അബുദാബിയില്‍ അവിവാഹിതര്‍ ദുരിതത്തില്‍
അബുദാബി: അവിവാഹിതരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ് അബുദാബിയില്‍. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തി ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് അധികൃതര്‍. സുരക്ഷിതത്വവും, ആരോഗ്യപരമായ കാരണങ്ങളും കണക്കിലെടുത്താണ് ബാച്ചിലേഴ്സിന്റെ താമസവുമായ ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമാക്കിയതാണെന്നാണ് അധികൃതരുടെ ഭാഷ്യം.
അവിവാഹിതരും, കുടുംബമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്നവരുമായ മലയാളികളടക്കമുള്ള പ്രവാസികള്‍ കൂട്ടം കൂട്ടമായാണ് അബുദാബി അടക്കമുള്ള യുഎഇയിലെ എമിറേറ്റുകളില്‍ താമസിച്ചു വന്നിരുന്നത്. എന്നാല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുടുംബമായി താമസിക്കുന്നവരില്‍ നിന്നും ബാച്ചിലേഴ്സിനെ കുറിച്ച് നിരന്തരം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ ബാച്ചിലേഴ്സിനെയും കൂട്ടത്തോടെ മാറ്റിത്താമസിപ്പിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് അബുദാബി ഭരണകൂടം.
അബുദാബിയില്‍ താമസിക്കുന്ന എല്ലാ ബാച്ചിലേഴ്സിനെയും മാറ്റിത്താമസിപ്പിക്കാന്‍ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും മാറി പ്രത്യേക സ്ഥലം ഒരുക്കിക്കൊടുക്കുകയാണ് ഭരണകൂടത്തിന്റെ പദ്ധതി. പുതിയ നിയമ പ്രകാരം രണ്ടില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരു മുറി ഷെയര്‍ ചെയ്യാന്‍ സാധിക്കുകയില്ല. ഫലത്തില്‍ അബുദാബിയില്‍ ജോലി നോക്കുന്ന ആയിരക്കണക്കനി മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിത ചെലവ് വര്‍ദ്ധിക്കും എന്നര്‍ത്ഥം.
റൂമുകള്‍ക്കും, വില്ലകള്‍ക്കും, ഫ്ലാറ്റുകള്‍ക്കുമെല്ലാം പൊതുവെ ഉയര്‍ന്ന വാടക കൊടുക്കേണ്ടി വരുന്ന അബുദാബിയില്‍, നാലും അഞ്ചും ആളുകള്‍ ഷെയര്‍ ചെയ്തു കൊണ്ടിരുന്ന സ്ഥാനത്ത് വെറും രണ്ടു പേര്‍ മാത്രം ഒരു മുറിയില്‍ തമാസിക്കേണ്ടി വരുമ്പോള്‍ ദുരിതത്തിലാവുക ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായിരിക്കും.
ബാച്ചിലേഴ്സിനായി പ്രത്യേകം കെട്ടിടങ്ങള്‍ പണിയാനൊരുങ്ങുന്ന ഭരണകൂടം ഒരു മുറിയില്‍ രണ്ട് എന്നതിനു പകരും മൂന്നാക്കി ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications