യുഎഇയുടെ പരമാധികാരം ഇറാന്‍ മാനിക്കണം
കെയ്‌റോ: യുഎഇയുടെ പരമാധികാരം ഇറാന്‍ ബഹുമാനിക്കണം എന്ന് അറബ് ലീഗ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. യുഎഇ ദ്വീപുകളെ ചൊല്ലി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ യുഎഇയ്‌ക്ക വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അറബ് ലീഗ്.
അബു മൂസ, തമ്പ് ദ്വീപുകള്‍ എന്നീ മൂന്ന് ദ്വിീപുകള്‍ക്കും മേല്‍ യുഎഇക്കുള്ള പരമാധികാരം അംഗീകരിക്കുന്ന നിലപാടാണ് അറബ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് അബു മൂസ ദ്വീപിലേക്ക് ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദിനെജാദ് നടത്തിയ സന്ദര്‍ശനത്തെ ശക്തമായ ഭാഷയില്‍ തന്നെ കൗണ്‍സില്‍ എതിര്‍ത്തു.
യുഎഇയുടെ പരമാധികാരത്തിലുള്ള കൈകടത്താലായാണ് നെജാദിന്റെ സന്ദര്‍ശനത്തെ അറബ് ലീഗ് നിരീക്ഷിച്ചത്. ചരിത്രപരമായും നിയമപരമായും യുഎഇക്ക് ഈ മൂന്ന് ദ്വീപുകളുടെയും മേലുള്ള പരമാധികാരം ഈയൊരു സന്ദര്‍ശനം കൊണ്ട് ഇല്ലാതാവുന്നതല്ല എന്നും കൗണ്‍സില്‍ ഉറപ്പിച്ചു പറഞ്ഞു.
ഇരു രാഷ്ട്രങ്ങളും തമ്മില്‍ സമാധാനപരമായ ചര്‍ച്ച നടത്തി അന്താരാഷ്ട്ര നീതിന്യായ കോടതിയിലൂടെ പ്രശ്‌ന പരിഹാരം കാണാനുള്ള യുഎഇ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാനും കൗണ്‍സില്‍ ഇറാനോട് ആവശ്യപ്പെട്ടു.
1971 മുതല്‍ ഇറാന്‍ അധീനപ്പെടുത്തിയിരിക്കുകയാണ് അബു മൂസ ഉള്‍പ്പെടെയുള്ള മൂന്ന് ദ്വീപുകള്‍. അബു മൂസയെ തലസ്ഥാനമാക്കി പുതിയൊരു ഇറാനിയന്‍ പ്രവിശ്യ തന്നെ രൂപീകരിക്കാനും ഇറാനില്‍ നീക്കം നടക്കുന്നതായി ഈയിടെ റിപ്പോര്‍ട്ട് വന്നിരിന്നു.












Click it and Unblock the Notifications