പ്രവാസികളുടെ പണത്തിന് 12.36% സേവന നികുതി

ജൂലയ് ഒന്നു മുതല്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നല്‍കുന്ന ചാര്‍ജ്ജിന്റെ 12.36 ശതമാനം സേവന നികുതിയായി അടക്കേണ്ടി വരും. ഇതോടെ വെട്ടിലാവുന്നത് അമേരിക്ക, യൂറോപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ്.
ഈ പുതിയ സേവന നികുതി സമ്പ്രദായം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാരെയാണ്.
ഇതോടെ നാട്ടിലേക്ക് പണമയയ്ക്കുമ്പോള്‍ സേവനനികുതി കൂടി കണക്കാക്കി ആ തുക കൂടി കൂട്ടിയടക്കേണ്ടി വരും. ഇല്ലെങ്കില്‍ അവര്‍ അയക്കുന്ന പണത്തില്‍ നിന്നും അത്രയും കുറച്ചായിരിക്കും വീട്ടുകാര്‍ക്ക് ലഭിക്കുക.
നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. വിദേശികള്‍ ഏകദേശം 3.7 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനത്തോളം വരും ഇത്.
കേരളത്തിന്റെ കാര്യം ഇതിലും വ്യത്യസ്തമാണ്. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നില്‍ ഒരു ശതമാനത്തോളം വരും ഈ തുക. ചെറിയൊരു തുകയാണ് നഷ്ടപ്പെടുന്നതെങ്കിലും പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായകമാണ്. വിദേശ മലയാളികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലായ് ഒന്നുമുതല്‍ കുഴല്‍പ്പണമായി പണമയ്ക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് ചില പ്രവാസികള്‍ പറയുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുന്നവരെ കൂടി തെറ്റിലേക്ക് നയിക്കുന്നതിനു മാത്രമാണ് സര്‍ക്കാര്‍ തീരുമാനം സഹായിക്കുക.












Click it and Unblock the Notifications