കടം നല്‍കാത്തതിന് അറബികള്‍ മലയാളിയെ മര്‍ദ്ദിച്ചു
അജ്‌മാന്‍: കടം നല്‍കാന്‍ വിസമ്മതിച്ചതിന് രണ്ടംഗ സംഘം ഗ്രോസറി ഷോപ്പില്‍ ആക്രമണം നടത്തി മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഷാനവാസിനാണ് അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
അജ്‌മാനിലെ അല്‍ സഹറയിലുള്ള അല്‍ ഇസ്‌താഖാമ ഗ്രോസറിയിലാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാത്രിയാണ് രണ്ട് അറബ് വംശജര്‍ ഷോപ്പിലെത്തി കടം ചോദിച്ചത്.
നേരത്തെ തന്നെ സാധനങ്ങള്‍ വാങ്ങിയ വകയില്‍ ഇവര്‍ പണം നല്‍കാനുണ്ട്. അത് തരാതെ കൂടുതല്‍ കടം നല്‍കാനാവില്ല എന്ന് ഷോപ്പിന്റെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ബഹളം വെച്ച അറബ് വംശജര്‍, കടം എഴുതി വെച്ചത് കാണിക്കാന്‍ ആവശ്യപ്പെട്ടു.
കണക്ക് കാണിച്ചപ്പോള്‍ കണക്കു പുസ്‌തകവും തട്ടിപ്പറിച്ച് കടന്നു കളയാന്‍ ശ്രമിക്കുകയും പുസ്‌തം കീറുകയും ചെയ്‌ത ഇവരെ ഷാനവാസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായി ഇവര്‍ ഷാനവാസിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഷാനവാസിനെ അജ്‌മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സമാന പ്രദേശങ്ങള്‍ ഈ പരിസരത്ത് വേറെയും നടന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications