വിമാന യാത്രാനിരക്ക്, തീവെട്ടിക്കൊള്ള തുടരുന്നു

എയര്‍ ഇന്ത്യാ സമരം തീര്‍ന്നെങ്കിലും താറുമാറായ വിമാനസര്‍വീസുകള്‍ പഴയതുപോലെ പുനരാരംഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്. പൈലറ്റുമാരുടെ സമരം നീണ്ടുപോയതിലും രാജ്യത്തെ വ്യോമഗതാഗതം തകരാറിലായി കോടികളുടെ നഷ്ടമുണ്ടായതിലും ഇതുമൂലം യാത്രക്കാര്‍ക്ക് കനത്ത ദുരിതമുണ്ടായതിലും കേന്ദ്രവ്യോമയാനമന്ത്രാലയത്തിനും കേന്ദ്രസര്‍ക്കാരിനും കനത്ത വീഴ്ച തന്നെയാണ് സംഭവിച്ചത്.
അറുപത് ദിവസമാണ് പൈലറ്റുമാര്‍ പണിമുടക്കി സമരം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചകളും മധ്യസ്ഥശ്രമങ്ങളും പരാജയപ്പെട്ടതോടെ അവസാനം ഡല്‍ഹി ഹൈക്കോടതി ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. എയര്‍ ഇന്ത്യയിലെ 450 ഓളം പൈലറ്റുമാര്‍ സമരത്തിനിറങ്ങിയതോടെ രാജ്യത്തെ വ്യോമയാനരംഗം 70 ശതമാനവും കയ്യടക്കിയ എയര്‍ ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. സമരം കൊഴുത്തതോടെ നൂറോളം പൈലറ്റുമാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പൈലറ്റുമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച ഓഫീസ് ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് സമരം രൂക്ഷമായത്. സമരം ആഭ്യന്തര വിദേശ സര്‍വീസുകള്‍ സ്തംഭിപ്പിച്ചതോടെ ഗള്‍ഫ് മലയാളികളും പ്രതിസന്ധിയിലായി.
തുച്ഛവരുമാനത്തിന് പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ഗള്‍ഫ് മലയാളികളും വന്‍തുക മുടക്കി വിമാനടിക്കറ്റെടുത്ത് നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. പകരം സംവിധാനമൊരുക്കാന്‍ എയര്‍ ഇന്ത്യയോ പ്രവാസി വകുപ്പോ കേന്ദ്രസര്‍ക്കാരോ യാതൊരുവിധ നടപടികളുമെടുത്തില്ല. ഇത് മുതലാക്കിയാണ് ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികളും രാജ്യത്തെ തന്നെ ചില സ്വകാര്യവിമാനക്കമ്പനികളും കൊള്ളയടി തുടങ്ങിയത്.
റംസാന്‍-ഓണം ഉത്സവകാലത്താണ് ഗള്‍ഫ് മലയാളകള്‍ കുടുംബസമേതവും അല്ലാതെയും നാട്ടിലെത്തുന്നത്. ഇത്തവണ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ നാട്ടിലെത്താന്‍ കഴിയൂ. ആറായിരം മുതല്‍ 12000 വരെയായിരുന്നു സാധാരണ ഓഫ് സീസണില്‍ ഗള്‍ഫിലേക്കുള്ള യാത്രാക്കൂലി. ഉത്സവ സീസണില്‍ ഇത് 25000 വരെയായി ഉയരാറുണ്ടെങ്കിലും എയര്‍ ഇന്ത്യ സമരം മൂലം ടിക്കറ്റ് നിരക്ക് വിവിധ ക്ലാസുകളില്‍ 30000 മുതല്‍ 65000 വരെയായിട്ടുണ്ട്.
പണം മുടക്കിയാലും ടിക്കറ്റ് സമയത്തിന് കിട്ടാനും ബുദ്ധമുട്ടനുഭപ്പെടുന്നുണ്ടെന്ന് വിവിധ പ്രവാസി സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് മലയാളികള്‍ ഉത്സവസീസണില്‍ നാട്ടിലെത്തുന്നതോടെ സംസ്ഥാനത്തെ ഓണം-റംസാന്‍ വിപണിയിലും വിനോദസഞ്ചാര മേഖലയിലും വലിയ ഉണര്‍വാണുണ്ടാവുക. ഈ മേഖലകളിലും ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നാണ് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications