അബുദാബി ഭരണാധികാരിയെ കണ്ടു പഠിയ്ക്കൂ!
ദുബായ്: അബുദാബിയിലെ താമസക്കാരും യാത്രക്കാരും അദ്ഭുതകരമായ ആ കാഴ്ച കണ്ട് തരിച്ചുനിന്നു പോയി. കിരീടാവകാശിയും സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ റോഡരികില്‍ ഇരിയ്ക്കുന്നു. തൊട്ടടുത്ത് ഒരു കുട്ടിയുമുണ്ട്. കാണുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല. സംഭവിച്ചതിങ്ങനെ.
ഡ്രൈവിങിനിടെയാണ് സ്‌കൂളിന് തൊട്ടുമുന്നിലായി ഒരു കുട്ടി തനിച്ചുനില്‍ക്കുന്നത് രാജകുമാരന്‍ കണ്ടത്. കാര്‍ പാര്‍ക്ക് ചെയ്ത് കുട്ടിയുടെ അടുത്തെത്തി എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. കൂട്ടികൊണ്ടു പോകാന്‍ പിതാവ് വരുന്നതും കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് കുട്ടി നല്‍കിയത്.

എന്നാല്‍ കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് ഷെയ്ഖ് പറഞ്ഞു. അപരിചതരുമായി സംസാരിക്കരുതെന്നും അറിയാത്തവരുടെ കൂടെ പോകരുതെന്നുമാണ് പിതാവിന്റെ നിര്‍ദ്ദേശമെന്ന് കുട്ടി അറിയിച്ചു. ഇത് അപരചിതനല്ലെന്നും രാജകുമാരനാണെന്നും കൂടെയുള്ള സഹായി അറിയിച്ചെങ്കിലും കുട്ടിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.
ഇതോടെ രാജകുമാരന്‍ കുട്ടിയുടെ അടുത്ത് ഇരുന്നു. പിതാവ് വന്നിട്ടേ പോകുന്നുള്ളൂവെന്ന് അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ഓടിയെത്തി. ഒരു അധ്യാപിക അസാധാരണമായ ഈ കാഴ്ച പകര്‍ത്തി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. ഈ ഫോട്ടോ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. പ്രജകളോടുള്ള രാജകുമാരന്റെ സ്‌നേഹവും ജനാധിപത്യരാജ്യങ്ങളിലെ പ്രശ്‌നങ്ങളും കൂട്ടികുഴച്ചാണ് പലരും കമന്റ് ചെയ്യുന്നത്.












Click it and Unblock the Notifications