പ്രായമായവര്‍ തീര്‍ത്ഥാടനത്തിറങ്ങേണ്ടെന്ന് സൗദി

റിയാദ്: തീര്‍ത്ഥാടനത്തിനും ഹജ്ജിനുമായി പ്രായമായവരും രോഗികളും ഇത്തവണ വരേണ്ടെന്ന് സൗദി അറേബ്യ. മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന രീതിയിലാണിത്. റംസാന്‍ മാസം ആയതിനാല്‍ സൗദിയില്‍ പൊതുവെ പുറത്ത് നിന്നുള്ളവരുടെ തിരക്ക് കൂടുതലാണ്.
പ്രായമായവരേയും രോഗികളേയും ആണ് മെര്‍സ് വൈറസ് പെട്ടെന്ന് ബാധിക്കുക. ശ്വസന വ്യവസ്ഥയെ ആക്രമിക്കുന്ന വൈറസ് ഇതിനകം തന്നെ സൗദിയില്‍ 38 പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ലോകത്താകമാനം 80 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 44 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിലും ഒരാള്‍ക്ക് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഹജ്ജിനെത്തുന്നവരും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വളരെ അടുത്തിടപെഴകുമ്പോഴാണ് വൈറസ് പരക്കുക. ഇത് തടയാനാണ് മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തുമ്മുമ്പോഴും ചുമക്കുമ്പോഴും തുണി കൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ മുഖം പൊത്തണം. കൈകള്‍ വൃത്തിയായി കഴുകണം. ടിഷ്യു പേപ്പറുകള്‍ വേസ്റ്റ് ബാസ്‌കറ്റുകളില്‍ തന്നെ കളയണം. പൊതു സ്ഥലങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും നില്‍ക്കുമ്പോള്‍ കണ്ണുകളിലോ മൂക്കിലോ വായയിലോ സ്പര്‍ശിക്കരുത്. അടിയന്തര പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications