വീടുകളിലെ ഡേ കെയര്‍ സെന്ററുകള്‍ നിയമവിരുദ്ധം
ദുബായ്: സാമ്പത്തിക ലാഭം നോക്കി കുട്ടികളെ, വീടുകളില്‍ നടത്തുന്ന ഡേ കെയര്‍ സെന്ററുകളിലേക്കയക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. ഇത് ദുബായില്‍ നിയമ വിരുദ്ധമാണ്.
പല അപ്പാര്‍ട്ടുമെന്റുകളിലും സ്ത്രീകള്‍ ഒരു സ്വയം തൊഴില്‍ പോലെ ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുണ്ട്. വലിയ നഴ്‌സറി സ്‌കൂളുകളില്‍ കുട്ടികളെ വിടുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രമേ ഇത്തരം സെന്ററുകളില്‍ ഉണ്ടാകൂ. അതുകൊണ്ട് തന്നെ പലപ്പോഴും രക്ഷിതാക്കള്‍ ഇത്തരം കേന്ദ്രങ്ങളെയാണ് ആശ്രയിക്കുക.

വില്ലകളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലെ അപാര്‍ട്ട്‌മെന്റുകളിലും ഡേ കെയര്‍ സെന്റര്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ദുബായ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡേ കെയര്‍ സെന്ററുകള്‍ നടത്തണമെങ്കില്‍ ലൈസെന്‍സ് ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ബിസിനസ് ആയതുകൊണ്ടാണ് ലൈസെന്‍സ് നിര്‍ബന്ധമാണെന്ന് പറയുന്നത്. ലൈസെന്‍സ് ഇല്ലാത്തവര്‍ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം ഡേ കെയര്‍ സെന്ററുകളില്‍ കുട്ടികളെ വിടുന്നവര്‍ക്ക് പിഴ ചുമത്തുകയില്ല എന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ലൈസെന്‌സ് ഇല്ലാത്ത ഡേ കെയര്‍ സെന്ററുകള്‍ക്കായുള്ള പരിശോധനകള്‍ കര്‍ശമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒറ്റ കേസുപോലും ഇത്തരത്തില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദുബായില്‍ വലിയ നഴ്‌സറി സ്‌കൂളുകളേക്കാള്‍ പ്രചാരം, ചെറിയതോതില്‍ വീടുകളില്‍ നടത്തുന്ന ഡേ കെയര്‍ സെന്ററുകള്‍ക്ക് തന്നെയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും ഇത്തരം ഡേ കെയര്‍ സെന്ററുകളുടെ പരസ്യങ്ങളും പ്രചാരത്തിലുണ്ട്.












Click it and Unblock the Notifications