കുഞ്ഞിനേയും കൊണ്ട് യുവതി കടലില്‍ ചാടി മരിച്ചു
റാസല്‍ഖൈമ: ഏഷ്യന്‍ യുവതി കുഞ്ഞിനോടൊപ്പം കടലില്‍ ചാടി മരിച്ചു. റാസല്‍ ഖൈമയിലാണ് സംഭവം. 23 കാരിയായ യുവതി മൂന്ന് വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് കടലില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് റാസല്‍ ഖൈമ പോലീസ് അറിയിച്ചു.

യുവതി വീട്ടുകാരുമായി അത്ര സുഖത്തിലല്ലായിരുന്നുവെന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ അറിഞ്ഞതായും പോലീസ് വ്യക്തമാക്കി. യുവതിക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്നതായും ഭര്‍ത്താവ് മൊഴി നല്‍കിയിട്ടുണ്ട്.
ആത്മഹത്യാ ശ്രമത്തില്‍ നിന്ന് മുമ്പ് പലതവണ ഭാര്യയെ തടഞ്ഞിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. ഒരിക്കല്‍ തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ച യുവതിയെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുത്താനായതെന്നും ഭര്‍ത്താവ് പറഞ്ഞു. അന്ന് യുവതിയുടെ കൈക്ക് പൊള്ളലേറ്റിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. ഭര്‍ത്താവ് സ്ഥലത്തെത്തി സമാശ്വസിപ്പിച്ച് ഓഫീസിലേക്ക് തിരിച്ചുപോവുകയായിരുന്നു. പിന്നീട് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയേയും കുഞ്ഞിനേയും കണ്ടില്ല. സുരക്ഷാ ജീവനക്കാരോടും അയല്‍വാസികളോടും അന്വേഷിച്ചപ്പോഴും വിരമൊന്നും കിട്ടിയില്ല.
പിന്നീട് സുരക്ഷാ ജീവനക്കാരാണ് അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കടല്‍ക്കരയില്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications