ഒമാന്‍: 63 വയസ്സിനുള്ളില്‍ 70 സര്‍ജറികള്‍, സമ്പാദ്യം മുഴുവന്‍ ചികിത്സയ്ക്ക് ചിലവഴിച്ച മലയാളി
ഒമാന്‍: ജീവിതത്തില്‍ ജോലി ചെയ്തതിന്റെ മുക്കാല്‍ പങ്കും ഗള്‍ഫിലും നാട്ടിലുമായി ചികിത്സയ്ക്ക് ചിലവഴിച്ചിട്ടും രോഗം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് പ്രവാസിയായ വിജയന്‍.
63ാം വയസ്സില്‍ 70 സര്‍ജറികള്‍ ചെയ്തു. അടുത്ത സര്‍ജറിയ്ക്കായി ഒരുങ്ങുമ്പോള്‍ വൈദ്യശാസ്ത്രത്തില്‍ തന്നെ ഒറ്റപ്പെട്ട സംഭവമായി മാറുകയാണ് വിജയന്റെ അസുഖം. 70 ലധികം സര്‍ജറികള്‍ ചെയ്തിട്ടും ഡോക്ടര്‍മാര്‍ക്ക് രോഗം നിര്‍ണയിക്കുന്നതിനോ ചികിത്സിച്ച് ഭേദമാക്കുന്നതിനോ സാധിച്ചില്ല.

ശരീരത്തില്‍ പലയിടത്തായി അമിതമായി ചര്‍മ്മം വളരുന്നതാണ് വിജയന്റെ രോഗം. സെല്ലുകളിലെ വളര്‍ച്ച പല രോഗികളിലായി കാണപ്പെടാറുണ്ടെങ്കിലും ഇത്രയും വേഗത്തില്‍ ചര്‍മ്മം വളര്‍ന്ന് തൂങ്ങുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഗര്‍ഫില്‍ മാത്രമല്ല ഇന്ത്യയിലും ഇതിനുള്ള ചികിത്സകള്‍ ചെയ്തു നോക്കി, എന്നിട്ടും ഫലം കണ്ടിട്ടില്ല. ജീവിതത്തില്‍ സമ്പാദിച്ച പണം മുഴുവന്‍ സര്‍ജറിയ്ക്കായി ആശുപത്രികളില്‍ ചിലവഴിച്ചെന്ന് വിജയന്‍ പറയുന്നു. ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്നും അടുത്ത ഭാഗത്തേക്ക് പകരുന്നുണ്ടെങ്കിലും മറ്റു വ്യക്തികളിലേക്ക് പകരുന്ന രോഗമല്ല.
തൃശൂര്‍ സ്വദേശിയായ വിജയന്‍ തുടക്കത്തില്‍ ചികിത്സ ആരംഭിച്ചത് ജില്ലാ ആശുപത്രിയിലായിരുന്നു. അലോപതി, ഹോമിയോപതി, ആയുര്‍വേദം, നാച്ച്യുറോപതി, യോഗ എന്നിങ്ങനെ പരീക്ഷിക്കാത്ത ഒന്നും ബാക്കിയില്ല. 70 ഓളം സര്‍ജറികള്‍ നടത്തിയ വിജയന്റെ ശരീരത്തിന് പ്രതിരോധ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തല മുതല്‍ കാല്‍ വിരല്‍ വരെ ചര്‍മ്മത്തിന് വളര്‍ച്ച സംഭവിക്കുന്നതിനാല്‍ തുണികൊണ്ട് മുഖം മറച്ചാണ് നടക്കുകയെന്ന് വിജയന്‍ പറയുന്നു. പുറത്തേക്ക് പോകാനോ സമൂഹത്തോട് ഇടപഴക്കാനോ രോഗം മൂലം സാധിക്കുന്നില്ല എന്നാണ് പറയുന്നത്. ഒരു സര്‍ജറിയ്ക്ക് 50,000 രൂപയാണ് ചിലവ് വരുന്നത്. അടുത്ത സര്‍ജറി നടത്താന്‍ ഒരുങ്ങുകയാണ് വിജയന്‍.












Click it and Unblock the Notifications