സിഐഡി ചമഞ്ഞ് സൗദിയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി: ഒടുവില്‍ സാഹസികമായി മോചനം
റിയാദ്: അക്രമിസംഘത്തില്‍ നിന്നും മലയാളിയെ സിനിമ സ്റ്റൈലില്‍ മോചിപ്പിച്ച് സൗദി അറേബ്യന്‍ പൊലീസ്. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സൗദി പൊലീസ് കവർച്ച സംഘത്തില്‍ നിന്നും മോചിപ്പിച്ചത്.
സൗദി അറേബ്യന്‍ സി ഐ ഡിയെന്ന വ്യാജേനയെത്തിയ കവർച്ച സംഘം മുഹമ്മദ് അബൂബക്കറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബിസിനസ് ആവശ്യാര്‍ഥം ഒമാനില്‍നിന്ന് നിന്നും സൗദിയിലെത്തിയതായിരുന്നു കോഴിക്കോട് സ്വദേശി. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോവല്‍.

തട്ടിക്കൊണ്ടുപോയ കവർച്ച സംഘം മോചനദ്രവ്യമായി 50000 റിയാലായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ പൊലീസിന് അബൂബക്കറിനെ മോചിപ്പിക്കാനും കവർച്ച സംഘത്തിലുള്‍പ്പട്ട രണ്ടുപേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഹമ്മദ് അബൂബക്കർ റിയാദില്‍ എത്തുന്നത്.

രണ്ടുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് വ്യാഴാഴ്ച ജുബൈലിലുള്ള മകളെയും മരുമകനെയും കാണാന്‍ റിയാദ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തേക്ക് പോവുമ്പോഴാണ് തട്ടിക്കൊണ്ടുപോവലുണ്ടായതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അബൂബക്കറിന്റെ വാഹനം പിന്തുടർന്ന് എത്തിയ സംഘം സി ഐ ഡികളാണെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.

അറബ് വേഷത്തിലെത്തിയ സംഘം അബൂബക്കറിനെ അവർ അവരുടെ വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. വാഹനത്തില്‍ കയറ്റിയ ഉടന്‍ തന്നെ സംഘം ബലം പ്രയോഗിച്ച് പഴ്‌സും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കൈക്കലാക്കി. അബൂബക്കറുമായി റിയാദ് നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള ഒരു കേന്ദ്രത്തിലേക്കായിരുന്നു സംഘം പോയത്.

അബൂബക്കറിന്റെ മോചനത്തിനായി കവർച്ചക്കാർ തുക ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൂട്ടിയിട്ട മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൊബൈല്‍ അബൂബക്കറിന് രക്ഷയാവുകയായിരുന്നു. ഈ മൊബൈല്‍ ഫോണില്‍ നിന്നും അബൂബക്കർ ബന്ധുക്കളെ വിവരം അറിയിച്ചു. ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നെങ്കിലും തുടക്കത്തില്‍ ഒളിസങ്കേതം കണ്ടെത്തുന്നത് ഏറെ പ്രയാസമായിരുന്നു.

തുടർന്ന് കുടുംബം സൌദി പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് അബൂബക്കർ മകളുടെ ഭർത്താവിന് അയച്ച് നല്‍കിയ ലൈവ് ലൊക്കേഷന്റെ സഹായത്തോടെ ഒളിസങ്കേതം സായുധ പൊലീസ് സംഘം വളയുകയും അബൂബക്കറിനെ മോചിപ്പിക്കുകയുമായിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. അബൂബക്കറിന്റെ മോചനത്തിന് ഗള്‍ഫ് മലയാളി ഫെഡറേഷനും സഹായങ്ങള്‍ ചെയ്തു.












Click it and Unblock the Notifications