പ്രാര്‍ത്ഥനകള്‍ വെറുതെയായി, അബൂബക്കര്‍ യാത്രയായി
ഷാര്‍ജ:വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി ഉമ്മല്‍ഖുവൈന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു അബൂബക്കര്‍ മരിച്ചു. പ്രതീക്ഷിക്കാതെ കടന്നു വന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പാലക്കാട് സ്വദേശിയും ഷാര്‍ജ അല്‍ഹസാനയിലുള്ള റെഹീം ഗ്രോസറി ജീവനക്കാരനുമായിരുന്ന മുഹമ്മദ് അബൂബക്കറിന്റെ വീട്ടുകാരും നാട്ടുകാരും. ആറ് പെങ്ങമ്മാരടക്കം വലിയൊരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.
അബൂബക്കര്‍ ജോലി ചെയ്തിരുന്ന റെഹീം ഗ്രോസറിയില്‍ കഴിഞ്ഞ 26 ാം തിയ്യതിയാണ് ദുരന്തം ഫോര്‍വീല്‍ രൂപത്തില്‍ എത്തിയത്. ടെലഫോണ്‍ കാര്‍ഡു വാങ്ങിച്ച് പണം തരാതെ മുന്നോട്ടെടുത്ത വണ്ടിയിലുണ്ടായിരുന്ന യുവാവിനെ അബൂബക്കര്‍ കടന്നു പിടിച്ചു. ഇതിനിടയില്‍ വാഹനം മുന്നോട്ടെടുത്ത യുവാവ് അബൂബക്കറിനേയും വലിച്ചിഴച്ച് ഏതാനും മീറ്ററുകള്‍ സഞ്ചരിച്ചു. അബൂബക്കര്‍ പിടിവിടില്ലന്ന് മനസ്സിലാക്കിയ യുവാവ് വാഹനത്തിന്റെ വേഗത കൂട്ടിയതിനു ശേഷം തന്റെ രണ്ടു കൈയ്യും ഉപയോഗിച്ച് ഇയാളെ തള്ളി താഴെയിടുകയായിരുന്നുവെന്ന് ദ്രസാക്ഷികള്‍ പറഞ്ഞിരുന്നു. സംഭവം കണ്ടു നിന്നവര്‍ ഉടനെ അബൂബക്കറിനെ തൊട്ടടുത്തുള്ള കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂബക്കറിന് ബോധം നഷ്ടപ്പെട്ടിരുന്നു.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കൂടുതല്‍ മികച്ച സൗകര്യങ്ങളുള്ള ഉമ്മല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് അബൂബക്കറിനെ മാറ്റിയെങ്കിലും ബോധം വീണ്ടെടുക്കാതെ തലയിലെ ഓപ്പറേഷന്‍ സാധ്യമല്ലന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നത് . ദിവസം കഴിയുന്തോറും ആരോഗ്യ നില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥനകള്‍ വെറുതെയായി, അബൂബക്കര്‍ മരണത്തിനു കീഴടങ്ങി.
കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഒരു ദരിദ്യ കുടുംബത്തിലെ ഏക ആശ്രയമാണ് മരണത്തോട് മല്ലടിച്ച് കിടക്കുന്നത്. ഉമ്മയും നിത്യ രോഗിയായ ഒരു പെങ്ങളടക്കം ആറ് പെങ്ങമ്മാരും അബൂബക്കറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭാര്യയും 13ഉം 17ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവുമായ അബൂബക്കര്‍ ആറ് മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. 9 വര്‍ഷം മുന്‍പാണ് അബൂബക്കര്‍ യു.എ.ഇ ല്‍ എത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇതേ ഗ്രോസറിയില്‍ ജോലി ചെയ്തു വരുന്നു. നല്ലപെരുമാറ്റത്തിന് ഉടമയാണ് അബൂബക്കറെന്ന് ഗ്രോസറിയുടെ പരിസരത്ത് താമസിക്കുന്നവര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. വളരെ ആത്മാര്‍ത്ഥയും ധൈര്യവും ഇദ്ദേഹത്തിനുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു.

സമാന സംഭവം മുന്‍പ് പരാജയപ്പെടുത്തിയതും അന്ന് പ്രതികളെ പിടികൂടുന്നതിന് പോലീസിനെ ഏറെ സഹായിച്ചതും അബൂബക്കറായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ സംഭവം മാറി മറിയുമെന്ന് ഇദ്ദേഹം കരുതിയിട്ടുണ്ടാവില്ല. പ്രവാസ ജീവിതത്തിനിടയില്‍ സ്വരൂപിച്ച് കൂട്ടിയ പണം ഉപയോഗിച്ച് ഒരു കൊച്ചു വീടിന്റെ നിര്‍മ്മാണം അബൂബക്കര്‍ ആരംഭിച്ചിരുന്നു. രോഗിയായ പിതാവിന്റെ ആഗ്രഹത്താല്‍ ആറു മാസം മുമ്പ് പണി പൂര്‍ത്തിയാകാതെ തന്നെ വീടിന്റെ പ്രവേശനം നടത്തുകയും ചെയ്തു. ക്രത്യം ഒരു മാസത്തിനു ശേഷം പിതാവ് മരണപ്പെടുകയും ചെയ്തു. വീടിന്റെ താല്‍കാലിക പണികള്‍ തീര്‍ക്കുന്ന ഇനത്തിലും കുറെ കടങ്ങള്‍ അബൂബക്കറിനുണ്ടായിരുന്നു. പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ചുമലിലേന്തിയാണ് അബൂബക്കര്‍ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങി വന്നത്. പക്ഷെ കൂടുതല്‍ താമസിയാതെ സ്വപ്‌നങ്ങളുടെ ചിറകൊടിച്ച് ദുരന്തം ഇയാളെ വേട്ടയാടുകയായിരുന്നു. പത്താമത്തെ വയസ്സ് മുതല്‍ അബൂബക്കര്‍ ജോലിക്ക് പോയി തുടങ്ങിയിരുന്നുവെന്ന് അയല്‍വാസിയും ഇപ്പോള്‍ അബൂബക്കറിന്റെ നിയമ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന അഡ്വ.മഹമൂദ് അലവി ഓര്‍ക്കുന്നു. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ് ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് കേസ് കൈകാര്യം ചെയ്യുന്നത്. നിയമ സഹായത്തിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും അഡ്വ.മുഹമ്മദ് സല്‍മാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് അലവി വണ്‍ ഇന്ത്യയോട് പറഞ്ഞു. കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായ അബൂബക്കര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ് അബൂബക്കറിന്റെ നാട്ടുകാരും വീട്ടുകാരും.












Click it and Unblock the Notifications