വാക്സിനെടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശനം: പുതിയ നടപടിക്ക് അബുദാബി, അവശ്യവസ്തുക്കൾക്ക് ഇളവ്
അബുദാബി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പുതിയ നീക്കവുമായി അബുദാബി. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കാനാണ് നീക്കം. എമിറേറ്റ്സിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയുടേതാണ് ഇത് സംബന്ധിച്ച തീരൂമാനം. ഇതിന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് വാക്സിൻ സ്വീകരിച്ചവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുക. 2021 ആഗസ്റ്റ് മുതൽ അബുദാബിയിലെ പ്രധാന പൊതുസ്ഥലങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
അബുദാബിയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളുടേയും ഭാഗമായാണ് പുതിയ നടപടി. കൊവിഡ് വാക്സിനേഷനുള്ള യോഗ്യത അനുസരിച്ച് 93 ശതമാനത്തിലധികം വരുന്ന ജനങ്ങൾക്ക് ഇതിനകം തന്നെ വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.

ഷോപ്പിംഗ് സെന്ററുകൾ, ഷോപ്പിംഗ് സെന്ററുകൾക്ക് പുറത്തുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കഫേകൾ എന്നീ സ്ഥലങ്ങളിലായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകൾക്ക് ഇളവ് അനുവദിക്കും. ഫാർമസികൾക്കും ഇതോടൊപ്പം ഇളവ് അനുവദിക്കും. അതേസമയം ഒന്നാംഘട്ടത്തിലെ നിയന്ത്രണം ജിമ്മുകൾ, സ്പോർട്സ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, തീം പാർക്ക്, സർവ്വകലാശാലകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൾച്ചറൽ സെന്റർ, സർക്കാർ- സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ എന്നിവയ്ക്ക് ബാധകമായിരിക്കും.
അതേ സമയം കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇളവ് അനുവദിക്കുമെന്നും എമിറേറ്റ്സിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അൽഹോസ്ൻ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാക്സിനേഷൻ ഇളവ് ലഭിക്കാത്ത വ്യക്തികൾക്കോ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ തീരുമാനം ബാധകമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ അൽ ഹുസൻ ആപ്ലിക്കേഷനിൽ ഇക്കാര്യം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.












Click it and Unblock the Notifications