സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനമായി മാധ്യമ പ്രവര്‍ത്തനം അധ:പതിച്ചു

ദുബായ്: മിഡില്‍ ഈസ്റ്റ് ചന്ദ്രിക 12ാം പിറന്നാള്‍ പതിപ്പ് 'വ്യാഴവട്ടം' താനെന്നും സൂക്ഷിച്ചു വെക്കുമെന്നും മലയാള ഭാഷക്കും സംസ്‌കാരത്തിനും അഭിമാനകരമാണ് ഈ സാഹിത്യ ഉപഹാരമെന്നും പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ദുബായ് റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് എക്‌സി. ഡയറക്ടര്‍ എം.എ അഷ്‌റഫലിയില്‍ നിന്ന് 'വ്യാഴവട്ടം' ആദ്യ പതിപ്പ് സ്വീകരിച്ച ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭംഗിവാക്ക് പറയാറില്ല ഞാന്‍. ജീവിതത്തില്‍ ഇന്നു വരെ മനസ്സിന് ശരിയെന്ന് തോന്നുന്നത് എവിടെയും പറയാറുണ്ട്. ഇത് ഹൃദയത്തില്‍ തട്ടി പറയുകയാണ്, ഈ പുസ്തകം ഞാന്‍ തൂക്കി വില്‍ക്കില്ല. അത്രക്കധികം സമ്പുഷ്ടമാണ് ഇതിലെ ഓരോ സൃഷ്ടികളും. സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് പുറത്തിറക്കിയ പുസ്തകമല്ല ഇത്. എല്ലാ നിലക്കും കാത്തു സൂക്ഷിച്ച ഗുണമേന്മയാണ് ഇതിനെ വേറിട്ടു നിര്‍ത്തുന്നത്. ഉള്ളടക്കം, സാഹിത്യം, വരകള്‍, ചിത്രങ്ങള്‍, രൂപകല്‍പന എല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.

releae-vyaazhavattam1

സക്കറിയയെ പോലെ ഉന്നത ശീര്‍ഷരായ സാഹിത്യകാരന്മാര്‍, റഫീക്ക് അഹമ്മദിനെയും പി.പി രാമചന്ദ്രനെയും പോലുള്ള പ്രഗല്‍ഭരായ കവികള്‍, കൊച്ചുബാവയെ പോലെ മികച്ച പ്രതിഭാധനരെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ അങ്ങനെ എല്ലാം കൊണ്ടും വിശിഷ്ടമായിരിക്കുന്നു ഈ പുസ്തകം. കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, സമകാലികവും സാര്‍വജനീനവുമായ വിഷയങ്ങള്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണീ ഗ്രന്ഥം. ഇങ്ങനെയൊരു ഗ്രന്ഥം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ഈ മുഹൂര്‍ത്തവും ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കും'' അദ്ദേഹം പറഞ്ഞു.

'വ്യാഴവട്ട'ത്തിനുവേണ്ടി ഇതിന്റെ അണിയറ ശില്‍പികള്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ തന്നെ കാണാന്‍ വന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഏറെ ക്‌ളേശങ്ങള്‍ സഹിച്ചാണ് അവര്‍ പിറവത്ത് എത്തിയത്. ഇത്ര ബുദ്ധിമുട്ടി ഇങ്ങോട്ടു വരണമോയെന്ന് ചോദിച്ചപ്പോള്‍ വേണം എന്നായിരുന്നു മറുപടി. തുടര്‍ന്ന്, ഞങ്ങള്‍ സംസാരിച്ചു. അത് മികച്ചൊരു സംഭാഷണമായി ഇതിലുണ്ട്. തയാറാക്കിയ ശേഷം കുറിപ്പ് അയച്ചു തന്നു. വളരെ കൃത്യതയോടെ നൂറ് ശതമാനം സംതൃപ്തിയോടെ ഈ പുസ്തകം പൂര്‍ത്തിയാക്കിയത് മാതൃകയാണ്. എട്ടു മാസത്തെ അധ്വാനം ഇവിടെ ഇന്നു പുസ്തകമായി മാറിയിരിക്കുന്നു. ഈ ആത്മാര്‍ത്ഥതയെ താന്‍ മനസ് നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ജോയ് മാത്യു വ്യക്തമാക്കി.

releae-vyaazhavattam-03

ചന്ദ്രികയുമായി കുഞ്ഞുന്നാളിലേ തനിക്കുള്ള ആത്മബന്ധം അദ്ദേഹം സദസ്സുമായി പങ്കു വെച്ചത് ഏവരുടെയും ഹൃദയം തൊടുന്നതായി: എന്റെ അമ്മ സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം ഹോമിയോ പഠിച്ചിട്ടുണ്ട്. സി.എച്ചുമായി അച്ഛന് നല്ല സൗഹൃദവുമുണ്ടായിരുന്നു. ചന്ദ്രിക പ്രസ്സിനു തൊട്ടടുത്തുള്ള ചര്‍ച്ചില്‍ അമ്മ സ്ഥിരമായി പോകാറുണ്ടായിരുന്നു. ഒരുനാള്‍ സി.എച്ചിനോട് അമ്മ ഒരഭ്യര്‍ത്ഥന നടത്തി. ചര്‍ച്ചിലെ പ്രാര്‍ത്ഥനാ സമയത്ത് പ്രസ്സിന്റെ ശബ്ദം അല്‍പം കുറക്കാനാകുമോയെന്നായിരുന്നു അത്. അത് കേട്ട മാത്രയില്‍ തന്നെ സി.എച്ച് പ്രസ്സിലേക്ക് നിര്‍ദേശം നല്‍കി മേലില്‍ ചര്‍ച്ചിലെ പ്രാര്‍ത്ഥനാ സമയത്ത് പ്രസ്സ് പ്രവര്‍ത്തിപ്പിക്കരുതെന്ന്. സി.എച്ചിന്റെ ആ നിര്‍ദേശം ദശകങ്ങള്‍ പിന്നിട്ടിട്ടും ചന്ദ്രിക ഇന്നും പാലിക്കുന്നു. അത് ഞങ്ങളുടെ സൗകര്യമാണ്, നിങ്ങള്‍ എന്തു ചെയ്യും എന്ന് മുഷ്‌ക് കാട്ടി തിരിച്ചു ചോദിക്കാതെ, മാന്യതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയ മൂല്യം ചന്ദ്രിക ഉയര്‍ത്തിപ്പിടിച്ചു.

സമൂഹങ്ങളുമായുള്ള ഇടപഴക്കങ്ങളില്‍ മാനവ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഇത്തരം എണ്ണിയാലൊടുങ്ങാത്ത മാതൃകകള്‍ ചന്ദ്രികക്ക് മുതല്‍ക്കൂട്ടായുണ്ട്. മാധ്യമ പ്രവര്‍ത്തനത്തെ ഇങ്ങനെ നന്മയിലധിഷ്ഠിതമാക്കി കാത്തു സൂക്ഷിച്ച ചന്ദ്രികയെ താനെന്നും മനസ്സിനോട് ചേര്‍ത്തു നിര്‍ത്തുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ അത് മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യാ മഹാരാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ച എം.ടി വാസുദേവന്‍ നായരെപ്പോലുള്ള വലിയ എഴുത്തുകാരന്റെ ആദ്യ സൃഷ്ടി ചന്ദ്രികയിലാണ് അച്ചടിച്ചു വന്നത് എന്ന ഒറ്റക്കാര്യം മതി ചന്ദ്രികയുടെ യശസ്സും മേന്മയും മനസ്സിലാക്കാന്‍. അങ്ങനെ എത്രയോ എഴുത്തുകാരെയും സാംസ്‌കാരിക പ്രതിഭകളെയും സൃഷ്ടിച്ചെടുത്ത പാരമ്പര്യമുള്ള ചന്ദ്രിക അതിന്റെ മിഡില്‍ ഈസ്റ്റ് എഡിഷന്‍ തുടങ്ങിയപ്പോള്‍ 'വ്യാഴവട്ടം' എന്ന പേരില്‍ എല്ലാ വ്യാഴാഴ്ചയും കോളം ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും നാട്ടിലെ ചന്ദ്രികയും തമ്മിലുള്ള വ്യത്യാസം നാട്ടിലേതിനെക്കാള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കൈകാര്യം ചെയ്യുന്നുവെന്നതാണ്. നാട്ടില്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമ്പോള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രാധാന്യം നല്‍കുന്നു. അത് പറയേണ്ടതായ രീതിയില്‍ തന്നെ വളരെ കൃത്യമായി പറയുന്നു. അക്കാര്യത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക വളരെ മുന്നിലാണ്. നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ പല മാധ്യമങ്ങളും മോശം പ്രവണതകളിലൂടെ വളരാന്‍ പറ്റുമോയെന്ന് നോക്കുന്നവയാണെന്ന് ചില സമകാലിക സംഭവങ്ങളെ അനുസ്മരിച്ച് അദ്ദേഹം പ്രസ്താവിച്ചു. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനമായി മാധ്യമ രീതികളും ശൈലികളും അധ:പതിക്കുന്നു.

ഈ വിധത്തില്‍ ഒരു പറ്റം ആളുകള്‍ ചീഞ്ഞു നാറിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതില്‍ ഒരു മുന്‍കാല മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ലജ്ജ തോന്നുന്നു, രോഷവും പ്രതിഷേധവും തോന്നുന്നു. നാട് ഭരിക്കേണ്ട മന്ത്രി തീര്‍ത്തും അനുചിതമായ രീതിയില്‍ സംസാരിക്കുകയും അത് വളരെ വൃത്തികെട്ട രീതിയില്‍ ഒരു മാധ്യമം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തതിന് നാം അനുഭവസ്ഥരായി. ഈ മാധ്യമം മാപ്പര്‍ഹിക്കുന്നില്ല എന്ന് പറയുന്നതോടൊപ്പം തന്നെ, രായ്ക്കുരാമാനം രാജിവെച്ച് ഓടിപ്പോയ വിവരവും നിലവാരവുമില്ലാത്ത മന്ത്രിയെപ്പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് വേവലാതിപ്പെടേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ തന്റെ മുന്‍കാല മാധ്യമപ്രവര്‍ത്തനത്തിലെ ചില ഏടുകളും അദ്ദേഹം ഓര്‍ത്തെടുത്തു: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഇന്നത്തെ ജന.മാനേജരായ ഇബ്രാഹിം എളേറ്റില്‍ ദുബായ് കെഎംസിസി ജന.സെക്രട്ടറിയായിരുന്ന കാലയളവില്‍ ഞാന്‍ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ ജന.സെക്രട്ടറിയായിരുന്നു. സിഎച്ച് സെന്ററും കെഎംസിസിയും നിര്‍വഹിക്കുന്ന കാരുണ്യ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കാനും മറ്റുമായി അന്ന് വാര്‍ത്താ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വിളിക്കാറുണ്ടായിരുന്നു. തങ്ങള്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ അദ്ദേഹം പല തവണ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം സി.എച്ച് സെന്ററുകള്‍ മുഖേന ചെയ്തു വരുന്ന കാര്യങ്ങള്‍ അങ്ങനെ ചെന്നു കാണാന്‍ ഒരിക്കല്‍ എനിക്ക് അവസരമുണ്ടായി.

കോഴിക്കോട്ടെ സി.എച്ച് സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ അതിശയം തോന്നി. തുല്യതയില്ലാത്ത ഒട്ടേറെ ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളാണ് സിഎച്ച് സെന്ററുകളും കെഎംസിസികളും നിര്‍വഹിച്ചു വരുന്നതെന്നും അതിന് അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളോടും കേരളീയര്‍ താദാത്മ്യപ്പെട്ടു വരുന്ന ദുരന്ത കാലമാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹര്‍ത്താലുകളും പണിമുടക്കുകളും നമ്മുടെ നിത്യജീവിതത്തിലേക്ക് ഇരച്ചു കയറുകയാണ്. എന്നാല്‍, ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് വേണ്ടതെന്നാണ് എന്റെ പക്ഷം. പണിമുടക്കുകളും ഹര്‍ത്താലുകളും എന്തിനാണെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് ഒരു സാമ്പത്തിക ആനുകൂല്യവും വാക്കാലല്ലാതെ സര്‍ക്കാറുകള്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എത്രയോ വര്‍ഷങ്ങളായി എയര്‍ കേരളയും ബജറ്റും മറ്റു സംഗതികളും നാം കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍, ഒന്നും നടപ്പാകുന്നില്ല. കുറഞ്ഞ പക്ഷം, പ്രവാസികളുടെ പൊള്ളുന്ന വിമാന നിരക്ക് കുറച്ചു കൊടുത്തെങ്കിലും നാടിനെ സേവിക്കുന്ന ഈ മനുഷ്യരോട് കരുണ കാട്ടാന്‍ ഭരണാധികാരികള്‍ തയാറാവണം. കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് പലരും എന്നോട് ഫെയ്‌സ്ബുക്കിലും മറ്റും ആവശ്യപ്പെട്ടിരുന്നു. അവരോട് കൂടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കണ്ണൂരും തളിപ്പറമ്പും മലപ്പുറവുമടക്കമുള്ള ജനങ്ങളുടെ ആശ്രയമാണ് കോഴിക്കോട് എയര്‍പോര്‍ട്ട്. കോഴിക്കോടിനെ പ്രമോട്ട് ചെയ്യാന്‍ എന്തൊക്കെയോ ചില കാരണങ്ങളാല്‍ പലരും സമ്മതിക്കുന്നില്ല.

അപ്രിയ കാര്യങ്ങള്‍ പറയേണ്ടെന്ന് പലരും എന്നെ പണ്ട് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളിടത്തോളം കാലം തനിക്കൊരു പേടിയുമില്ലെന്നാണ് അന്നൊക്കെ കൊടുത്തിട്ടുള്ള മറുപടി. ഇന്നും നിലപാടുകളില്‍ മാറ്റമില്ല. കാര്യങ്ങള്‍ പറയാന്‍ ഞാനാരെയും ഭയക്കുന്നില്ല. അങ്ങനെയൊക്കെയാവാന്‍ കരുത്തു പകര്‍ന്ന ആളുകള്‍ താമസിക്കുന്ന രാജ്യമാണ് യുഎഇ. കോഴിക്കോട് നഗരം കഴിഞ്ഞാല്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ഇടം. എന്നെ സ്‌നേഹിക്കുന്ന നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ട്. അവരുള്ളിടത്തോളം കാലം എനിക്കൊന്നും സംഭവിക്കില്ല. അവര്‍ എന്റെ അഭിമാനമാണ്. ജീവിതത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയും പ്രൗഢമായ ഒരു സാംസ്‌കാരിക സദസ്സില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും മറ്റു മാധ്യമങ്ങള്‍ക്കൊക്കെ മാതൃകാപരമായ ചുവടുവെപ്പാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 'വ്യാഴവട്ടം' മലയാളി സാംസ്‌കാരിക മണ്ഡലത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഈ വിശിഷ്ടമായ സാംസ്‌കാരിക സായാഹ്നത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായി മനസ്സില്‍ സൂക്ഷിക്കുന്നു.

മുന്‍പ്, കൂടെ ജോലി ചെയ്തവരും നേരിട്ടറിയുന്നവരുമായ നിരവധി പേരെ ഇവിടെ കാണാന്‍ കഴിഞ്ഞു. എന്നെ ഞാനാക്കിയ മണ്ണാണ് യുഎഇയുടേത്. സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഈ മണ്ണ് നല്‍കിയ പിന്‍ബലത്തില്‍ നിന്നുകൊണ്ടാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എത്രയോ കഥാപാത്രങ്ങളെ പ്രവാസ ജീവിതനാഭുവത്തില്‍ നിന്ന് ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിഞ്ഞത് ഈ കരുത്തിന്‍മേലാണ്. ആരുടെ മുന്നിലും കാര്യം പറയാന്‍ കെല്‍പ്പു തന്നതും ഈ സ്ഥലമാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ തച്ചംപൊയിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജന.മാനേജരും യുഎഇ കെഎംസിസി ജന.സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ സ്വാഗത ഭാഷണവും ആധ്യക്ഷ്യവും വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ട്രഷററും ചന്ദ്രിക ഡയറക്ടറുമായ പി.വി അബ്ദുല്‍ വഹാബ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ വിശിഷ്ടാതിഥി ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി മുഖ്യാതിഥി ജോയ് മാത്യുവിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്ററും 'വ്യാഴവട്ടം' മാഗസിന്‍ എഡിറ്ററുമായ ജലീല്‍ പട്ടാമ്പി പുസ്തക പരിചയം നടത്തി. പി.വി അബ്ദുല്‍ വഹാബ് എം.പി, ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, എക്‌സ്പ്രസ് പ്രിന്റിംഗ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത്, സീബ്രീസ് കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ റഷീദ് ബാബു പുളിക്കല്‍, യുഎഇ കെഎംസിസി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, ദുബൈ കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, മീഡിയ എഡ്ജ് മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ നമ്പ്യാര്‍, 'വ്യാഴവട്ടം' കണ്ടന്റ് എഡിറ്ററും ചീഫ് ഡിസൈനറുമായ മധു റഹ്മാന്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ എ.എ ഷാനവാസ്, നിസാമുദ്ദീന്‍ അഹമ്മദ് എന്നിവരും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

എം.എ അഷ്‌റഫലിക്ക് ഡോ. പി.എ ഇബ്രാഹിം ഹാജിയും ജോയ് മാത്യുവിന് ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും റഷീദ് ബാബു പുളിക്കലിന് അബ്ദുല്‍ വഹാബ് എം.പിയും ഉപഹാരങ്ങള്‍ നല്‍കി. ഇബ്രാഹിം ഹാജിയും ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും മോഹന്‍ നമ്പ്യാരും ആശംസ നേര്‍ന്നു. തുടര്‍ന്ന്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറക്കുന്ന 'ദി പയനിയേഴ്‌സ്' ബിസിനസ് ഡയറക്ടറി ബ്രോഷര്‍ പ്രകാശനം ഖാദര്‍ തെരുവത്തിന് നല്‍കി പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. പി.കെ അന്‍വര്‍ നഹ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+