പ്രവാസികള്‍ക്ക് സന്തോഷം; റാസല്‍ഖൈമയില്‍ നിന്ന് പുതിയ വിമാനം... ആഴ്ചയില്‍ 3 സര്‍വീസ്
ദുബായ്: പ്രവാസി മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം നല്‍കി പുതിയ വാര്‍ത്ത. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് അവസരം ഒരുക്കുന്ന എയര്‍ അറേബ്യ വിമാന കമ്പനിയാണ് സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
യാത്രാ പ്രതിസന്ധി എപ്പോഴും നേരിടുന്നവരാണ് പ്രവാസികള്‍. പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍. സീസണില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള പതിവ് വാര്‍ത്തയാണ്. ഇതിന് ആശ്വാസം ലഭിക്കണമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് എത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് എയര്‍ അറേബ്യ പുതിയ സര്‍വീസ് പ്രഖ്യാപിച്ചത് ആശ്വാസമാകുക.

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സര്‍വീസ് ആരംഭിക്കുക എന്ന് എയര്‍ അറേബ്യ അറിയിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ എന്നിങ്ങനെ ഒന്നിടവിട്ട ദിവസങ്ങളിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടെത്തുന്ന വിമാനം അന്നു തന്നെ മടക്ക സര്‍വീസും ഒരുക്കും.
നവംബര്‍ 22 മുതലാണ് സര്‍വീസ് ആരംഭിക്കുക എന്ന് എയര്‍ അറേബ്യ അറിയിച്ചു. കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് റാസല്‍ഖൈമ കോഴിക്കോട് റൂട്ട് തിരഞ്ഞെടുത്തത്. കൂടുതല്‍ യാത്രക്കാരുള്ള റൂട്ട് ആണിത്. ഇതോടെ കൂടുതല്‍ പേര്‍ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് റാസല്‍ഖൈമ വഴി തിരഞ്ഞെടുക്കാന്‍ സാധ്യതയേറി.
റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആണ് എയര്‍ അറേബ്യ തുടങ്ങുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 8.10നാണ് കോഴിക്കോടെത്തുക. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയാണ എയര്‍ അറേബ്യ. കുറഞ്ഞ നിരക്കില്‍ സര്‍വീസ് എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കോഴിക്കോട് സര്‍വീസ് പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് എയര്‍ അറേബ്യ സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ടൂറിസം പരിപോഷിപ്പിക്കലും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2014ലാണ് റാസല്‍ഖൈമയില്‍ നിന്ന് എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത്. കൂടാതെ ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ അറേബ്യ സര്‍വീസുണ്ട്. പ്രവാസികളുടെ യാത്രാ പ്രതിസന്ധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേരളത്തില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതാണ് പ്രധാന ചര്‍ച്ച. 10000 രൂപയ്ക്ക് യാത്ര ഒരുക്കുന്നതാകും ഈ സര്‍വീസ്.












Click it and Unblock the Notifications