കുവൈത്ത് പ്രവാസികള്‍ക്ക് പണികൊടുത്ത് എയർ ഇന്ത്യ: വിമാനം വെട്ടിച്ചുരുക്കി, ഇനി ആഴ്ചയില്‍ ഒന്നുമാത്രം

മംഗളൂരു: ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തിയിരുന്ന കുവൈത്ത്-മാംഗ്ലൂർ എയർ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ ഒന്നുമാത്രമായി ചുരുക്കി. ഇതോടെ കുവൈറ്റിൽ ജോലി ചെയ്യുന്ന കർണാടകയിലെ തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ, കേരളത്തിലെ കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമായി. വേനൽക്കാല ഷെഡ്യൂൾ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് എയർ ഇന്ത്യ നടപടി. എന്നാല്‍ അവധിക്ക് കുടുംബത്തെ എത്തിക്കാന്‍ ആഗ്രഹിച്ച പ്രവാസികളെയാണ് തീരുമാനം ഏറെ വലച്ചത്.
ജനുവരിയിൽ, ആഴ്ചയിൽ മൂന്ന് വിമാനങ്ങളിൽ നിന്ന് രണ്ടായി കുറച്ചു. പുതുതായി ഇറക്കിയ വേനൽക്കാല ഷെഡ്യൂളിലാണ് ഇത് ആഴ്ചയിൽ ഒരു ഫ്ലൈറ്റ് മാത്രമായി ചുരുക്കിയത്. എല്ലാ ഞായറാഴ്ചയായിരിക്കും ഈ സർവ്വീസ്. അവിഭക്ത ദക്ഷിണ കന്നഡ ജില്ലയിൽ കുവൈറ്റിൽ വിവിധ ബ്ലൂ, വൈറ്റ് കോളർ തൊഴിലുകളിൽ ജോലി ചെയ്യുന്ന അരലക്ഷത്തോളം പ്രവാസികളുണ്ട്. ഇതിന് പുറമെയാണ് കാസർകോട് നിന്നുള്ള പ്രവാസികള്‍.
കേരളത്തിൽ നിന്നുമുള്ള യാത്രക്കാരും കുവൈറ്റിലേക്ക് പോകാൻ ഈ വിമാനത്തെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ശരാശരി 20,000 യാത്രക്കാരാണ് മംഗലാപുരത്തിനും കുവൈത്തിനും ഇടയിൽ യാത്രചെയ്യുന്നത്. നിലിവില്‍ ഞായാറാഴ്ച അല്ലാത്ത ദിവസങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ മറ്റ് വിമാനത്താവളങ്ങള്‍ തേടേണ്ട സാഹചര്യമാണുള്ളത്. പലരും മുംബൈ വഴിയാണ് യാത്ര ചെയ്യുന്നത്.

"നേരത്തെ മംഗളൂരുവിലേക്ക് നേരിട്ട് വിമാനം കയറിയ എന്റെ ഭാര്യയും രണ്ട് മക്കളും കുവൈത്തില്‍ നിന്ന് മുംബൈയിലേക്കും പിന്നീട് ആഭ്യന്തര വിമാനത്തിൽ മംഗളൂരുവിലെത്താനും നിർബന്ധിതരായി. ഞങ്ങളെപ്പോലെ തന്നെ മറ്റ് നിരവധി കുവൈത്ത് പ്രവാസികൾക്കും ഇത് അസൗകര്യമാണ്," വെള്ളിയാഴ്ച കുവൈറ്റിൽ നിന്ന് മുംബൈ വഴി മംഗളൂരുവിലേക്ക് പോയ മോഹൻദാസ് എം കാമത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. ആവശ്യക്കാർ ഏറെയുള്ള ഈ റൂട്ട് പെട്ടെന്ന് റദ്ദാക്കി. ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്നത് ന്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇപ്പോൾ, തീരദേശ കർണാടകയിൽ നിന്നുള്ള പ്രവാസികൾക്ക് മുംബൈ, ബെംഗളൂരു, കണ്ണൂർ, ഗോവ എയർപോർട്ടുകളിലേക്ക് വന്നതിന് ശേഷം വേണം നാട്ടിലെത്താന്‍, ഇവിടെ ആഭ്യന്തര വിമാനങ്ങളിലോ ക്യാബുകളിലോ നാട്ടിലെത്തണം. ഇത് അധിക യാത്രാ സമയവും അധിക ചിലവുകളും ഉണ്ടാക്കുന്നു," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പ്രവാസി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications