ഖത്തറിലെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനി അടച്ചുപൂട്ടി! നൂറിലേറെ ഇന്ത്യക്കാർ ദുരിതക്കയത്തിൽ...
കമ്പനിയിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും തെലങ്കാന സ്വദേശികളാണ്.
ദോഹ: ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിട നിർമ്മാണ കമ്പനി അടച്ചുപൂട്ടിയതോടെ ഇന്ത്യാക്കാരുൾപ്പെടെയുള്ള തൊഴിലാളികൾ പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരാണ് ഖത്തറിൽ ദുരിതജീവിതം നയിക്കുന്നത്. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.
നിലവിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യക്കാർക്ക് പുറമേ നേപ്പാളിൽ നിന്നുള്ളവരും ഈ ലേബർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഹൈദരാബാദുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നിർമ്മാണ കമ്പനിയാണ് നാല് മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയത്. കഴിഞ്ഞ നാല് വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നവർക്ക് ഇതോടെ ജോലി നഷ്ടമായി. ചില ഓഫീസ് സ്റ്റാഫുകളെ മാത്രം കമ്പനിയുടെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിനിയമിച്ചു. എന്നാൽ നൂറുകണക്കിന് കെട്ടിട നിർമ്മാണ തൊഴിലാളികൾ പെരുവഴിയിലായി.

കമ്പനിയിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും തെലങ്കാന സ്വദേശികളാണ്. ഇവരെ നാട്ടിലെത്തിക്കാൻ വേണ്ടി ബന്ധുക്കൾ തെലങ്കാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെടി രാമറാവുവിനെ കണ്ടിരുന്നു. സംഭവത്തിൽ ഇടപെടുമെന്നും, തെലങ്കാന സ്വദേശികളെ എത്രയും പെട്ടെന്ന് മടക്കികൊണ്ടുവരുമെന്നുമാണ് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ മറ്റ് ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്നത് സംബന്ധിച്ച് ഇതുവരെ ഒരു സൂചനയുമില്ല. അതേസമയം, നാല് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാൻ വേണ്ടി തൊഴിലാളികൾ ലേബർ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.












Click it and Unblock the Notifications