സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്, 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങൾ, കുറിപ്പ്
ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം കാഴ്ച വെയ്ക്കുന്ന വ്യക്തിയാണ് അഷ്‌റഫ് താമരശ്ശേരി. പൊള്ളിക്കുന്ന നിരവധി അനുഭവങ്ങള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.
പ്രവാസി മലയാളികളായ അഞ്ച് ചെറുപ്പക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട അനുഭവം അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇന്നലെ 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. അഞ്ചും ചെറുപ്പക്കാരാണ്.

ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. ഇത്തരത്തിൽ അകാലത്തിൽ വിടപറഞ്ഞുപോയ സഹോദരങ്ങളുടെ മൃതദേഹത്തിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അറിയാം ഉറ്റവരുടെ നൊമ്പരങ്ങൾ. ജീവിച്ചിരിക്കെ മക്കൾ മരണപ്പെട്ട് പോയ മാതാ പിതാക്കളുടേയും സഹോദരങ്ങളടക്കമുള്ള ഉറ്റവരുടെ തീരാ സങ്കടങ്ങൾ കണ്ട് നിൽക്കാൻ പോലും പലപ്പോഴും കഴിയാറില്ല.
നാളെയുടെ പ്രതീക്ഷകൾക്കായി മാതാ പിതാക്കൾ നട്ടു വളർത്തിയ പൊന്നോമന മക്കൾ തങ്ങളുടെ മുന്നിൽ വെള്ള പുതച്ചു നിശ്ചലരായി കിടക്കുന്ന കാഴ്ച്ച കാണേണ്ടി വരിക എന്നത് തന്നെ ഏറെ ദുഖകരമാണ്. സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്. നമ്മുടെ ചെറുപ്പക്കാരെ ഇത്തരം മരണങ്ങളെ തൊട്ട് ദൈവം തമ്പുരാൻ കാത്ത് രക്ഷിക്കുമാറാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മരണപ്പെട്ടവർക്ക് ദൈവം തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.......''












Click it and Unblock the Notifications