10 വര്‍ഷത്തെ പ്രവാസം; ഉറ്റവരെ കാണാന്‍ മോഹിച്ച അബു എത്തിയത് മയ്യിത്ത് കട്ടിലില്‍, നോവ്
ദുബായ്: മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകി തീരുന്ന ജന്മങ്ങളാണ് പ്രവാസികള്‍. കുടുംബത്തിന്റെ ആഗ്രങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും നിറംപകരാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍. എന്നാല്‍ പ്രവാസ ലോകത്ത് നിന്ന് അത്തറിന്റെ പളപളപ്പില്ലാതെ, പണക്കൊഴുപ്പൊട്ടുമില്ലാതെ രോഗികളായും മൃതദേഹങ്ങളായും തിരിച്ചെത്തുന്നവരും നിരവധിയാണ്.
കഷ്ടപ്പെട്ട് നിര്‍മിച്ച വീട്ടിലേക്ക് കയറിക്കൂടാന്‍ അതിയായ ആഗ്രഹമുണ്ടായിട്ടും മൃതദേഹമായി എത്തിയ പ്രവാസികളെ കുറിച്ചുള്ള എത്രയോ കഥകള്‍ മലയാളികള്‍ കേട്ടിരിക്കുന്നു. ഒത്തിരി തവണ പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷറഫ് താമരശേരി തന്നെ ഇത്തരം സംഭവങ്ങള്‍ പുറംലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ 7 മൃതദേഹങ്ങളാണ് അദ്ദേഹം മുഖേന നാട്ടിലേക്ക് അയച്ചത്. അതിലൊന്നായിരുന്നു അബുവിന്റെത്. കണ്ണു നിറഞ്ഞിട്ടല്ലാതെ ഒരാള്‍ക്കും അഷറഫ് താമരശേരിയുടെ വിവരണം വായിക്കാനാകില്ല. അദ്ദേഹത്തിന്റെ വാക്കുകലിലേക്ക്.....

കഴിഞ്ഞ ദിവസങ്ങളിലായി 7 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ആതമഹത്യ, ഹൃദയാഘാതം, അപകട മരണം എന്നിവയാണ് അധികവും മരണ കാരണം.
ഇതില്‍ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011 ലാണ് ഇദ്ദേഹം ഗള്‍ഫില്‍ വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീര്‍ന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആരും കാണാത്ത മരുഭൂമിയിലെ ജോലികള്‍ തേടിപ്പോയി. കഠിനമായ ജോലിയും തുച്ചമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചു കൂട്ടി. ഈ കാലയളവില്‍ നാലു മക്കളേയും മാന്യമായി പഠിപ്പിക്കുകയും രണ്ട് പേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു.
സ്വന്തം കുടുംബത്തിന്റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉള്ളിലത്രയും. പ്രവാസ ലോകത്ത് കഴിഞ്ഞ പത്ത് വര്‍ഷം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാല്‍ പുതിയ വിസയില്‍ വന്ന് ഭേദപ്പെട്ട ജോലി കണ്ടു പിടിക്കണം എന്ന് എന്നും സ്വപ്‌നം കാണും.
അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ് പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അബുവിനെ തേടിവന്നു.....
ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞു പോകുന്നത്. ഒത്ത് വന്നാല്‍ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ വന്നെത്തും. ഇതിനിടയില്‍ നിരവധിപേര്‍ ദുഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്ത് മരവിച്ച് പെട്ടിക്കകത്തായി തന്റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും.....
നമ്മില്‍നിന്നും വിട്ടു പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചോരിയുമാറാകട്ടെ..........












Click it and Unblock the Notifications