കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷണങ്ങള്‍ അതിജയിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ - ഡോ. അബ്ദുല്‍ മജീദ് സ്വലാഹി

മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങള്‍ അതിജയിക്കാനുള്ള കരുത്താണ് ഈദുല്‍ അദ്ഹ നല്‍കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസ്ഥാവിച്ചു

Google Oneindia Malayalam News

ദുബായ്: മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങള്‍ അതിജയിക്കാനുള്ള കരുത്താണ് ഈദുല്‍ അദ്ഹ നല്‍കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസ്ഥാവിച്ചു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കികൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അതുല്യമാതൃക ജീവിതത്തിലൂടെ കാഴ്ചവെച്ച ഇബ്റാഹീം പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ തയ്യാറാവണം. ഒരു പുരുഷായുസ് മുഴുവന്‍ ദിവ്യസന്ദേശത്തിന്റെ പ്രചാരണത്തിനായി വിനിയോഗിച്ച പ്രവാചക പിതാവ് ഇബ്റാഹീം നബിയുടെ ജീവിതം പരീക്ഷണങ്ങളുടെ പര്യായമായിരുന്നു.

ത്യാഗത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ആഴമുള്ള ചരിത്രം ലോകത്തിന് സമര്‍പ്പിച്ച ഇബ്റാഹീം നബിയെ സെമിറ്റിക്ക് മതങ്ങളെല്ലാം ആദരിക്കുന്നു. നാടും വീടും ഭരണാധികാരികളും എതിരായിട്ടും സത്യപാതയില്‍ ഉറച്ച് നിന്ന ഇബ്റാഹിം പ്രവാചകന്‍ സഹനത്തിന്റെയും വിവേകത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. ആഗോളതലത്തില്‍ മുസ്ലിംലോകം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രതീക്ഷകൈവിടാതെ ഇബ്റാഹീം പ്രവാചകന്റെ ഓര്‍മകളാണ് മനസില്‍ നിറയേണ്ടത്. തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വിദ്വേഷ പ്രചാരണവും അത് ഏറ്റെടുത്ത അവിവേകികളായ ആള്‍കൂട്ടവുമാണ് മുസ്ലിം സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നത്. സയണിസ്റ്റ് - സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിം ലോകം വെട്ടി മുറിക്കാനുള്ള കരുക്കള്‍ നീക്കുകയാണ്. ഫലസ്തീന്‍ ജനതയെ ഭയപ്പെടുത്തി മസ്ജിദുല്‍ അഖ്സയെ കീഴ്പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. മസ്ജിദുല്‍ അഖ്സയില്‍ ജുമുഅ മുടങ്ങുന്ന സാഹചര്യമുണ്ടായി. വിശ്വാസികളെ ആ പള്ളിയിലേക്ക് പ്രവേശിപ്പിക്കാതെ പീഢിപ്പിക്കുന്നു. ഇബ്റാഹിം പ്രവാചകന്റെ പാദസ്പര്‍ശമേറ്റ ഫലസ്തീനിന്റെ മോചനത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

dr-a-i-abdulmajeedswalahi1-04-1504504341.jpg -Properties

മുസ്ലിം സമൂഹത്തിന്റെ സാന്നിധ്യത്തെ ഭയത്തോടെ കാണുകയും ആ ഭയം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇസ്ലാം വിരുദ്ധ ശക്തികളുടെ ലക്ഷ്യം ഒന്നാണ്. യൂറോപ്പിലും ഇന്ത്യയിലുമെല്ലാം വംശീയ വാദികള്‍ നിറഞ്ഞാടുകയാണ്. ഭക്ഷണം, വിശ്വാസം, ചിന്ത എന്നീ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ ആള്‍കൂട്ട ആക്രമണം നടക്കുകയാണ്. ആശയ പ്രചാരണം എന്ന മൗലികാവകാശം ധ്വംസിക്കാന്‍ വര്‍ഗീയ ശക്തികള്‍ അക്രമണം അഴിച്ചുവിടുന്നു. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ അടിച്ചുകൊല്ലുകയും ചെയ്യുന്നു. ആള്‍കൂട്ടങ്ങളും ചാവേര്‍ സംഘങ്ങളും നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. കൊലക്ക് കൊല, വെട്ടിന് വെട്ട് എന്ന രീതി ആള്‍ക്കൂട്ടങ്ങള്‍ക്ക് ശിക്ഷ നടപ്പിലാക്കാനുള്ള അധികാരമില്ല. വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ മനുഷ്യ സൗഹാര്‍ദ്ദത്തിനും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും തയ്യാറാവണം. വൈവിധ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരോടുള്ള അസഹിഷ്ണുത ആപത്താണ്. വര്‍ഗീയവാദികളും മതതീവ്രവാദികളും അസഹിഷ്ണുത വിതക്കുകയാണ്. ആഗോള തലത്തില്‍ ഭീകര സംഘങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ഈ ഭീകര സംഘങ്ങളെ പുതിയ പേരുകളില്‍ കെട്ടിയിറക്കുന്നത് കരുതിയിരിക്കണം.

മതപ്രബോധനം മനുഷ്യര്‍ക്കിടയില്‍ ഐക്യവും സ്നേഹവും നിലനിര്‍ത്തികൊണ്ടായിരിക്കണം. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ കരുതിയിരിക്കണണെന്ന് മജീദ് സ്വാലാഹി ഉദ്ബോധിച്ചു. യു.എ.ഇ യുടെ വിവിധ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ സ്ത്രീകളും കുട്ടികളും അടക്കം വമ്പിച്ച ജനാവലി ഈദ്ഗാഹില്‍ പങ്കെടുത്തു. പരസ്പര സൗഹൃദം പുതുക്കാനും ഈദ് സന്ദേശം കൈമാറാനും അല്‍മനാര്‍ ഈദ് ഗാഹ് വേദിയൊരുക്കി. മ്യാന്‍മാറില്‍ മുസ്ലിം ന്യൂനപക്ഷം നേരിടുന്നത് കടുത്ത വംശീയ ആക്രണമാണ്. ജനാധിപത്യത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്നവര്‍ ഈ പീഢിത ജനതയെ വിസ്മരിക്കുകയാണ്. മ്യാന്മാറിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുള്ള അക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മൗനം വെടിയണം. ഇസ്ലാമിക ശരീഅത്തിനെ ആദരിക്കാനും ഉള്‍കൊള്ളാനും മുസ്ലിംകള്‍ തയ്യാറാവണം.

dubaialmanareidgaha1-04-1504504348.jpg -Properties

ശരീഅത്തിനെതിരെയുള്ള കടന്ന് കയറ്റം അപലപനീയമാണ്. വിശ്വാസം, സ്വഭാവം, സംസ്‌കാരം എന്നിങ്ങനെയുള്ള സര്‍വതലങ്ങളും ഉള്‍കൊള്ളുന്നതാണ് ശരീഅത്ത്. ഇസ്ലാമിനെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ദുശക്തികള്‍ക്കെതിരെ ഒറ്റകെട്ടായി നില്‍ക്കണം. ഇസ്ലാമിന്റെ പ്രായോഗിക പാഠങ്ങള്‍ നിരാകരിക്കുന്നവര്‍ ഇസ്ലാം വിരുദ്ധ ശക്തികള്‍ക്ക് പിന്‍ബലം നല്‍കുകയാണ്. ഇസ്ലാമിക പ്രബോധനം കുറ്റകൃത്യമായി കണ്ട് ഭീകരമുദ്രയടിക്കുന്നത് ജനാധിപത്യരാജ്യത്തിന് ചേര്‍ന്നതല്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയ എന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന നിന്ദ്യത സമാനതകളില്ലാത്തതാണ്. വിശ്വാസ സ്വാതന്ത്ര്യം തടഞ്ഞ് കൂട്ടുകാരികളുടെ സമ്പര്‍ക്കം പോലും ഇല്ലാതാക്കുന്ന കിരാതന നടപടിയില്‍ മതനിരപേക്ഷ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Bakrid is the motivation to overcome the problems in life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X