സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു, അപകടം ദുബായ് യാത്രയ്ക്കിടെ...
വെള്ളിയാഴ്ച പുലർച്ചെ സൗദി-ദുബായ് അതിർത്തിയിലെ സാൽവയിലാണ് അപകടമുണ്ടായത്.
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സെപ്റ്റംബർ 29 വെള്ളിയാഴ്ച പുലർച്ചെ സൗദി-ദുബായ് അതിർത്തിയിലെ സാൽവയിലാണ് അപകടമുണ്ടായത്. നാലു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ കൂറ്റൻ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു.

മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത്, പ്രസാദ്, വിനോദ്, എന്നിവരടങ്ങുന്ന നാൽവർ സംഘം ബഹ്റൈനിൽ നിന്ന് ദുബായിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മങ്കട സ്വദേശിയായ അജിതും, പയ്യന്നൂർ സ്വദേശി അജിതും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കാർ ഓടിച്ചിരുന്ന പ്രസാദിനും കൂടെയുണ്ടായിരുന്ന വിനോദിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സൗദിയിലെ അൽ അഹ്സ, സാൽവ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications