2014ലെ ചിരന്തന-യുഎഇ എക്‌സ്‌ചേഞ്ച് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബൈ: യു.എ.ഇ ലെ കലാ സാംസ്‌കാരിക സംഘടനയായ ചിരന്തന ദൃശ്യ, ശ്രവ്യ, പത്ര-മാധ്യമ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ചിരന്തന-യുഎഇ എക്‌സ്‌ചേഞ്ച് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2014 ലെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദൃശ്യ മാധ്യമ രംഗത്ത് ടി.ജമാലുദ്ദീന്‍ (കൈരളി ടിവി), നാസര്‍ ബേപ്പൂര്‍(അമൃത ടിവി) എന്നിവരും പത്ര മാധ്യമ രംഗത്ത് എം.ഫിറോസ്ഖാന്‍ (ഗള്‍ഫ് മാധ്യമം), എന്‍.എ.എം.ജാഫര്‍ (മിഡിലീസ്റ്റ് ചന്ദ്രിക) എന്നിവരും, ശ്രവ്യ (റേഡിയോ) മാധ്യമത്തില്‍ നിന്നും ബൈജു ഭാസ്‌കര്‍(ഏഷ്യാനെറ്റ് റേഡിയോ) ഹിഷാം അബ്ദുല്‍ സലാം (റേഡിയോ ഏഷ്യ) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

ഓഗസ്റ്റ് മാസത്തില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംഘടനാ ഭാരവാഹികള്‍ തന്നെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നതെന്നും വിജയികള്‍ക്ക് പ്രശംസാ പത്രവും, സ്വര്‍ണ്ണ മെഡലും, ഉപഹാരവും നല്‍കുമെന്നും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

തുടര്‍ച്ചയായി ഇത് പതിനാലാം തവണയാണ് ചിരന്തന മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ അവാര്‍ഡു നല്‍കി ആദരിക്കുന്നത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ട്രഷറര്‍ സലാം പാപ്പിനിശ്ശേരി, യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍, ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് നേരാംപറമ്പില്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications