ക്രിസ് ഗെയ്ല്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍
ദുബായ്: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) നാലാം സീസണ്‍ നവംബര്‍ 13 ാം തിയ്യതി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് എമിറേറ്റ്‌സ് സെവന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് മാറ്റുരക്കുക.
മൊത്തം 31 മത്സരങ്ങളായിരിക്കും ഇത്തവണയുണ്ടാകുക. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് നാലാം സീസണിലെ കെസിഎല്‍ ബ്രാന്‍ഡ് അംബാസഡര്‍. ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ നടന്‍ പ്രഥ്വിരാജാണ് അംബാസഡറെ പ്രഖ്യാപിച്ചത്.

ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനവും പ്രഥ്വിരാജ് നിര്‍വ്വഹിച്ചു. ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 75,000 ദിര്‍ഹം, 45,000 ദിര്‍ഹം, 18,000 ദിര്‍ഹം വീതം പ്രൈസ് മണി സമ്മാനമായി ലഭിക്കും. കെസിഎല്‍ ചെയര്‍മാന്‍ വിനോദ് സി.പിള്ള, ദുബായ് സ്‌പോര്‍ട്‌സ് ടൂറിസം മാനേജര്‍ (ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) ഘാസി അല്‍ മദനി, ദുബായ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി അമീന്‍ ഫാറൂഖ്, മിഥുന്‍ രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications