കുവൈത്തില്‍ 14 ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ; വിദേശികള്‍ താമസിക്കുന്ന പ്രദേശം സേനാ വലയത്തില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 ഇന്ത്യക്കാരടക്കം 25 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 342 ആയി. 911 പേര്‍ ക്വാറന്റൈനിലുണ്ട്. 15 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം ബാധിച്ചവര്‍ ഇന്ത്യക്കാരാണ്. 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന പഹാഫീലിലെ കെട്ടിടം കര്‍ശന ക്വാറന്റൈന് വിധേയമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം കടുത്ത ആശങ്കയിലാണ്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. ജിലീബ് അല്‍ ശുയൂഖ്, മഹബൂല തുടങ്ങിയ പ്രദേശങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിവ. പ്രത്യേക ചെക്‌പോയന്റുകള്‍ സ്ഥാപിച്ചിരിക്കുയാണിവിടെ. പോക്കറ്റ് റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നുണ്ട്. കുവൈത്തിലെ വ്യവസായ മേഖലയിലും സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.
അതേസമയം, യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നു. എമിറേറ്റ്‌സ് ആണ് സര്‍വീസ് നടത്തുക. ഇത് സാധാരണ വിമാന സര്‍വീസ് അല്ല. കൊറോണ വ്യാപന ഭീതിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുത്തിയപ്പോള്‍ കുടുങ്ങിപ്പോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രത്യേക സര്‍വീസാണ്.
കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. ഇന്ത്യയില്‍ മറ്റു ചില നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും എമിറേറ്റ്‌സ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ ആറ് മുതലാണ് സര്‍വീസ് തുടങ്ങുക. എയര്‍ അറേബ്യയും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരും യുഎഇയും എമിറേറ്റ്‌സിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
യുഎഇയില്‍ ബുധനാഴ്ച 150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് രോഗം ബാധിച്ചവര്‍ 814 പേരാണ്. ഇത്രയും അധികം പേര്‍ക്ക് ഒരുദിവസം രോഗം ബാധിക്കുന്നത് യുഎഇയില്‍ ആദ്യമായിട്ടാണ്. രണ്ടു പേരുടെ മരണവും ബുധനാഴ്ച സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ എട്ടായി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications