കൊവിഡ് ബാധിച്ച് ഗൾഫിൽ വീണ്ടും മലയാളികൾ മരിച്ചു, സൗദിയിലും ദുബായിലും ഓരോരുത്തർ!
ദുബായ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ വീണ്ടും മലയാളികള്‍ മരിച്ചു. ദുബായിലും സൗദിയിലുമാണ് ഓരോ മലയാളികള്‍ കൊവിഡ് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. സൗദിയില്‍ മരിച്ചത് ആലപ്പുഴ സ്വദേശിയായ ഹബീബ് ഖാന്‍ എന്നയാളാണ്. കണ്ണൂര്‍ സ്വദേശിയായ അബ്ജു റഹ്മാന്‍ ആണ് ദുബായില്‍ വെച്ച് മരണപ്പെട്ടത്. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ് അബ്ദുറഹ്മാന്‍. ഇദ്ദേഹത്തിന് 50 വയസ്സായിരുന്നു പ്രായം.
കരാമയില്‍ ഹോട്ടര്‍ മാനേജര്‍ ആയി ജോലി ചെയ്ത് വരികെയാണ് അബ്ദു റഹ്മാന് കൊവിഡ് ബാധിച്ചത്. ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. സൗദിയില്‍ വെച്ച് മരണപ്പെട്ട ഹബീബ് ഖാന് നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നിരിക്കുകയാണ്.

സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് മൂന്ന് മലയാളികള്‍ ആണ്. ബുറൈദ ആശുപത്രിയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയവേ ആണ് ഹബീബ് ഖാന്‍ മരണപ്പെട്ടത്. ചില സുഹൃത്തുക്കള്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദിയില്‍ 17522 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. പുതിയതായി രോഗം സ്ഥിരീകരിച്ചത് 1227 പേര്‍ക്കാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 10,000ലധികം പേര്‍ക്കാണ് ഇതിനകം യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്.
യുഎഇയിലെ കൊവിഡ് മരണ സംഖ്യ 76 ആയി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5 പേരാണ് ഇവിടെ കൊവിഡ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുളളത്. കുവൈത്തില്‍ 3075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത് 183 പേരിലാണ്. ഇവരില്‍ 53 പേര്‍ ഇന്ത്യക്കാരാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തറില്‍ 10287 കൊവിഡ് രോഗികളാണ് ഇതുവരെ ഉളളത്.












Click it and Unblock the Notifications