യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്: നിരവധി വിമാന സർവീസുകൾ റദ്ദാക്കി
ദുബായ്: യുഎഇയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മോശം കാലാവസ്ഥയെ തുടർന്ന് റോഡ് ഗതാഗവും തടസ്സപ്പെട്ടിട്ടുണ്ട്.
ദുബായ് വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ കാഠ്മണ്ഡുവിലേക്കും ബഹ്റനിലേക്കും പോകേണ്ട വിമാനങ്ങൾ റദ്ദാക്കി. മറ്റ് സർവീസുകൾ ഒരു മണിക്കൂറിലധികം വൈകുമെന്ന് ദുബായ് എയർപോർട്ട് അധികൃതർ ട്വീറ്റ് ചെയ്തു. സുരക്ഷക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ വെബ്സൈറ്റ് നോക്കി സർവീസ് റദ്ദാക്കിയോ എന്ന് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.

ഷാർജ വിമാനത്താവളത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് നാല് മണിക്കൂറോളം വൈകിയാണ് പല വിമാനങ്ങളും ലാൻഡ് ചെയ്തത്. അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും മൂടൽ മഞ്ഞ് ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുകളില്ല.
അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ മോട്ടോർ വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് നിർദേശം നൽകി. അമിത വേഗത പാടില്ലെന്നും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും നിർദേശമുണ്ട്. ഒരു കാരണവശാലും മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും ദുബൈ പൊലീസിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications