മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവാസിയാകുമോ? ഇപി ജയരാജന്‍ വെള്ളം കുടിക്കുമോ?
ദുബായ്: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തിലേക്ക് ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായ നജീബ് കടലായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുന്നതായും ഏഴാം തിയ്യതിയോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും നജീബ് കടലായി വണ്‍ ഇന്ത്യയോട് പറഞ്ഞു. സിറ്റിംങ് എംഎല്‍എ ആയ ഇ.പി ജയരാജനെയാണ് നജീബ് എതിരിടുന്നത്.
യു ഡി എഫ് ഘടക കക്ഷിയായ ജനതാദള്‍ സ്ഥാനാര്‍ഥി ആയിട്ടായിരിക്കും നജീബ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കേരളത്തിലെ മൊത്തം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരിശോധിച്ചാല്‍ നിയമസഭയില്‍ പ്രവാസികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളെ പോലും മറ്റൊരു പാര്‍ട്ടിയും പരിഗണിക്കാത്തതും, ബഹറിനില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി സാധാരണക്കാര്‍ക്ക് വേണ്ടി പ്രയത്‌നിച്ചതും തനിക്ക് അനുകൂല ഘടകമായി മാറുമെന്നാണ് നജീബിന്റെ പ്രതീക്ഷ. ബിസിനസ്സുകാര്‍ക്കും വ്യവസായികള്‍ക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വലിയ പ്രയാസമില്ല, എന്നാല്‍ സാധാരണക്കാരനായ തനിക്ക് സീറ്റ് നല്‍കുന്നതിലൂടെ ജനതാദള്‍ എന്ന പാര്‍ട്ടിയും യുഡിഎഫും എന്നും പ്രവാസികളോടപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്നും നജിബ് വ്യക്തമാക്കുന്നു.

കണ്ണൂര്‍ കടലായി സ്വദേശിയായ നജീബിന് മട്ടന്നൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ കുറിച്ച് ക്യത്യമായ കണക്കുകൂട്ടലുകളുണ്ട്. മണ്ഡലത്തില്‍ ഒരു വീട്ടില്‍ ഒരു പ്രവാസി എന്ന രീതിയിലാണ് ഭൂമിശാസ്ത്രം. വര്‍ഷങ്ങളായി ഇത്തരം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ജാതി മത രാഷ്ട്രീയം മറന്ന് നിയമസഭയുടെ ശ്രദ്ദയില്‍പ്പെടുത്താനും, ഉചിതമായ നടപടികള്‍ വേഗത്തില്‍ കൈകൊള്ളുവാനുളള നടപടികള്‍ക്കു വേണ്ടി പ്രയത്‌നിക്കാനും തനിക്കാവുമെന്ന ഉറച്ച വിശ്വാസം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നജീബ്.
പ്രവാസികളുടെ വോട്ട് പ്രവാസിക്ക് എന്നതായിരിക്കും സ്ഥാനാര്‍ത്ഥിയായി അവസരം ലഭിക്കുകയാണെങ്കില്‍ തന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും നജീബ് വ്യക്തമാക്കുന്നു. ബഹറിനിലെ പ്രവാസികള്‍ക്കിടയിലെ നിറ സാന്നിധ്യമാണ് നജീബ്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ളതും നജീബിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രവാസികള്‍ കരുതുന്നത്. പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് പ്രവാസിയായ സാധാരണക്കാരനെ നിയമസഭയില്‍ തങ്ങളുടെ പ്രതിനിധിയായി അയക്കണം എന്നത്.
അത്‌കൊണ്ട് തന്നെ നജീബിന്റെ സ്ഥാനാര്‍ഥിത്വം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം നോക്കികാണുന്നത്. നിലവില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ ബഹ്‌റിന്‍ ജനറല്‍ സെക്രട്ടറിയും, കണ്ണൂര്‍ ജില്ലാ എക്‌സ്പാറ്റ്‌സ് ജനറല്‍ സെക്രട്ടറിയുമാണ് കടലായി പാത്തൂഞ്ഞി മഹലില്‍ നജീബ്. യുഡിഎഫ് അനുകൂല സമീപനം സ്വീകരിക്കുകയാണെങ്കില്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ പ്രവാസി കുടുംബങ്ങളുടെ വോട്ട് ജയരാജന് നഷ്ടമാകുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications