പെണ്‍ കരുത്തില്‍ ആദ്യത്തെ മാപ്പിളപ്പാട്ട് ആല്‍ബം പുറത്തിറങ്ങി
ദുബായ്: മാപ്പിളപ്പാട്ട് ലോകത്ത് ആദ്യമായി ഒരു വനിതാ സംഗീത സംവിധാനം നിര്‍വ്വഹിച്ച മാപ്പിളപ്പാട്ട് ആല്‍ബം അബുദാബിയില്‍ പ്രകാശനം ചെയ്തു. യുഎഇയിലെ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിതയാണ് സംരംഭത്തിലെ മുഴുവന്‍ പാട്ടും സംഗീതം നിര്‍വ്വഹിച്ച് മാപ്പിളപ്പാട്ട് രംഗത്തെ ആദ്യത്തെ വനിതാ സംഗീത സംവിധാനത്തിന്റെ ഉടമയായത്. കീ ഫ്രെയിമിന്റെ ബാനറില്‍ വക്കം റാഫിയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ 'ദിക്ര്! പാടിക്കിളി' എന്ന ആല്‍ബമാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന അറേബ്യന്‍ സ്റ്റാര്‍സിന്റെ മാപ്പിളപ്പാട്ട് ഗാനമേളയില്‍ പ്രമുഖ വ്യവസായികളായ നെല്ലറ ഷംസുദ്ധിന്‍ ഷാജഹാന്‍ ഒയാസിസിന് നല്‍കി കൊണ്ടാണ് ആല്‍ബം പ്രകാശനം ചെയ്തത്. മാപ്പിളപ്പാട്ട് രചന രംഗത്തെ അറിയപ്പെടുന്ന കവികളായ ഒ എം കരുവാരക്കുണ്ട്, ബാപ്പുവെള്ളിപ്പറമ്പ്, സുബൈര്‍ ഖത്തര്‍ തുടങ്ങിയവര്‍ എഴുതിയ പാട്ടുകളാണ് സിഡിയിലുള്ളത്.

വി എം കുട്ടിയുടെ രചനയില്‍ കോഴിക്കോട് അബൂബക്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കിളിയെ ദിക്ര്! പാടിക്കിളി എന്ന പ്രസിദ്ധമായ ഗാനം 8ആം വയസ്സില്‍ പാടി കൊണ്ടാണ് സാജിത ശ്രദ്ധയായത്. തുടര്‍ന്ന് പടപ്പ് പടപ്പേരെ പിരിശത്തില്‍ ......,യാത്തിം മെന്നെ പലരും വിളിച്ചു....തുടങ്ങിയ ഹിറ്റു പാട്ടുകള്‍ അടക്കം 500പരം പാട്ടുകള്‍ റിക്കോഡ് ചെയ്തു.
മുക്കം സാജിതാക്ക് പുറമെ ഹംദ, ശ്യാം ദാമോദരന്‍, റാഫി മഞ്ചേരി, റാഫി പെരിഞ്ഞനം, ഷമീര്‍ വളാഞ്ചേരി, യുനുസ് മടിക്കയ് എന്നിവരാണ് ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സാജിതയുടെ ഭര്‍ത്താവ് സലീല്‍ മലപ്പുറവും സുഹ്യത്ത് അക്ബറുമാണ് ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.












Click it and Unblock the Notifications