മൊബൈലില്‍ ഫോട്ടോ എടുത്തതിനെ ചൊല്ലി തര്‍ക്കം; ദുബായില്‍ ഇന്ത്യന്‍ വ്യവസായി തല ഇടിച്ചു വീണ് മരിച്ചു..
ദുബായ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെ മൊബൈലില്‍ ചിത്രം പകര്‍ത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ തറയില്‍ തലയിടിച്ചു വീണാണ് എമിറേറ്റ്‌സ് ഹോംസ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കേര്‍സ് മാനേജിംങ് ഡയറക്ടറും തമിഴ്‌നാട് സ്വദേശിയുമായ മഹേന്ദ്രന്‍ യാദവ് മരണപ്പെട്ടത്.
റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ യാദവ് നാട്ടില്‍ നിന്നും വിസിറ്റിനെത്തിയ തന്റെ കൂട്ടുകാരുടെ ചിത്രം മൊബൈല്‍ കേമറയില്‍ പകര്‍ത്തുന്നതിനെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന അറബ് വംശജന്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കവും പിടിവലിയും നടന്നു. അതിനിടയിലാണ് അറബ് വംശജന്‍ യാദവിനെ മുഖത്തു പിടിച്ച് തള്ളിയത്.

തറയില്‍ തലയിടിച്ചു വീണ യാദവിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ഇദ്ദേഹം മരണത്തിനു കീഴടങ്ങി.
മഹേന്ദ്രന്‍ യാദവിനെ തള്ളി താഴെയിട്ട വ്യക്തിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications