യുഎഇയില്‍ സ്വര്‍ണവില കുറയാന്‍ കാരണം ഇതാണ്; കേരളത്തിലേക്കാള്‍ 4500 രൂപ കുറവ്
എന്തുകൊണ്ട് യുഎയില്‍ വലിയ തോതില്‍ സ്വര്‍ണവില കുറയുന്നു. വിലക്കുറവ് മാത്രമല്ല യുഎഇയിലെ പ്രത്യേകത. വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങളും ലഭിക്കും

ദുബായ്: ലോകത്തെ പ്രധാന വിപണികളിലൊന്നാണ് ദുബായ്. ഏത് രാജ്യങ്ങളിലെ അമൂല്യ വസ്തുക്കളും ആകര്‍ഷണ വസ്തുക്കളും യുഎഇയില്‍ കിട്ടും. പഴങ്ങളാകട്ടെ, പച്ചക്കറികളാകട്ടെ, സ്വര്‍ണമാകട്ടെ, വജ്രമാകട്ടെ, വാഹനമാകട്ടെ എല്ലാം... എല്ലാം ലഭിക്കും എന്നത് മാത്രമല്ല ദുബായ് നഗരത്തെ വ്യത്യസ്തമാക്കുന്നത്. ഏറ്റവും ഗുണമുള്ളത് ലഭിക്കും എന്നതു കൂടിയാണ്.
സ്വര്‍ണത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയേക്കാള്‍ വലിയ വിലക്കുറവിലാണ് യുഎഇയില്‍ സ്വര്‍ണം ലഭിക്കുന്നത്. യുഎഇയില്‍ ഇന്നും സ്വര്‍ണത്തിന് വില കുറഞ്ഞു. കേരളവുമായി താരമത്യം ചെയ്യുമ്പോള്‍ പവന് 4500 രൂപയുടെ കുറവുണ്ട്. എന്തുകൊണ്ടാണ് യുഎഇയില്‍ സ്വര്‍ണത്തിന് വില കുറയുന്നത് എന്ന് വിശദമാക്കാം...

4440 രൂപയുടെ കുറവ്
22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് യുഎഇയില്‍ ഇന്ന് ഒരു ദിര്‍ഹം കുറഞ്ഞു. അതായത്, 22.53 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന് 205.25 ദിര്‍ഹമാണ് ഇന്ന് ദുബായിലെ വില. ഇന്ത്യന്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4625 രൂപ. കേരളത്തില്‍ സ്വര്‍ണം ഒരു ഗ്രാമിന് 5180 രൂപയാണ് വില. പവന്‍ വില കണക്കാക്കുമ്പോള്‍ കേരളത്തിലെ വിലയേക്കാള്‍ 4440 രൂപയുടെ കുറവ് ദുബായിലുണ്ട്.

എന്തുകൊണ്ട് ഈ വിലക്കുറവ്
എന്തുകൊണ്ടാണ് കേരളത്തിലേക്കാള്‍ വിലക്കുറവ് യുഎഇയില്‍ സ്വര്‍ണത്തിന് വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. നികുതി ചുമത്തുന്നില്ല എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. സ്വര്‍ണക്കട്ടിക്ക് നികുതി ചുമത്തുന്നില്ല എങ്കിലും സ്വര്‍ണ ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റുണ്ട്. വിദേശ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വാറ്റ് ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യും.

കൂലിയിലും വലിയ വ്യത്യാസം
ചുരുക്കിപ്പറഞ്ഞാല്‍ വിദേശികള്‍ക്ക് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ നികുതിയുണ്ടാകില്ല. വ്യത്യസ്തമായ ഡിസൈനില്‍ സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയും ചെയ്യും. കുറഞ്ഞ കൂലി മാത്രമേ ഈടാക്കുന്നുള്ളു. മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലാളികള്‍ ഏറെയുള്ളതിനാലാണ് കൂലി കുറയ്ക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് യുഎഇയില്‍ നിന്ന് പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നത്.

മറ്റൊരു പ്രധാന കാര്യം
ലോകത്തെ മിക്ക ഡിസൈനുകളിലും സ്വര്‍ണാഭരണങ്ങള്‍ യുഎഇയില്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന ഘടകം. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ദുബായ് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടെയുള്ള പരിശോധന ഇക്കാര്യം ഉറപ്പിക്കുന്നു. നിയമം ലംഘിച്ചുള്ള നടപടികള്‍ സാധ്യമല്ലാത്തതിനാല്‍ വാങ്ങിയ ശേഷമുള്ള വഞ്ചിക്കപ്പെടലുമുണ്ടാകില്ല.

ഇന്ത്യയിലെ നികുതി
ഇന്ത്യയില്‍ സ്വര്‍ണത്തിന് ഉയര്‍ന്ന നികുതിയാണ് ചുമത്തിയിരിക്കുന്നത്. അവശ്യവസ്തു ഗണത്തില്‍ അല്ലാത്തത് കൊണ്ടാണ് ഇത്രയും നികുതി. കഴിഞ്ഞ കേന്ദ്ര ബജറ്റിലും സ്വര്‍ണത്തിന് ഇറക്കുമതി തീരുവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. നികുതി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല.

കേരളത്തിലെ സ്വര്‍ണവില
അതേസമയം, കേരളത്തിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5180 രൂപയാണ് വില. പവന് 41440 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില്‍പ്പന. ഗ്രാമിന് 4800 രൂപ എന്ന നിലയിലേക്ക് എത്തണമെന്നാണ് വ്യാപാരികളുടെ നിലപാട്. എങ്കില്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് അവര്‍ പറയുന്നു.

ഇക്കാര്യം പ്രതീക്ഷ
പവന് 42200 രൂപ എന്നതായിരുന്നു ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വില. രണ്ടാം തിയ്യതി 42880 രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ സര്‍വകാല റെക്കോര്‍ഡാണ് രണ്ടാം തിയ്യതിയിലെ വില. പിന്നീട് ഘട്ടങ്ങലായി കുറഞ്ഞു. മൂന്നാഴ്ചയ്ക്കിടെ 1440 രൂപയുടെ കുറവ് പവന്‍ വിലയിലുണ്ടായി. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.












Click it and Unblock the Notifications