പ്രവാസികളെ പിഴിയാന്‍ വഴിയൊരുക്കി എയര്‍ ഇന്ത്യ; 300 ഇരട്ടി വരെ നിരക്ക് കൂടിയേക്കും
ദുബായ്: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്ക് വന്‍തോതില്‍ ചെലവ് കൂടാന്‍ വഴിയൊരുങ്ങി. സീസണില്‍ 300 ശതമാനം വരെ നിരക്ക് കൂടിയേക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തിയതാണ് ഒരു കാരണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുകയും യാത്രക്കാര്‍ കൂടി വരികയും ചെയ്താല്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കൂടും.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 25 മുതലാണ് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കുകയും ചില റൂട്ടുകളില്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായി പ്രഖ്യാപിച്ചത്. യുഎഇയില്‍ നിന്നുള്ള കോഴിക്കോട്, ഇന്‍ഡോര്‍, ഗോവ റൂട്ടുകളും ഇതില്‍പ്പെടും.

എയര്‍ ഇന്ത്യയുടെ നിലവിലെ ഉടമസ്ഥര്‍ ടാറ്റ ഗ്രൂപ്പ് ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ടാറ്റ ഏറ്റെടുത്തത്. 217 കോടി ഡോളറിന്റെ കരാറാണ് അന്ന് നടന്നത്. സാമ്പത്തികമായി നേട്ടമുള്ള റൂട്ടുകളില്‍ സര്‍വീസ് പുനഃക്രമീകരിക്കുകയായിരുന്നു കമ്പനി ചെയ്തത് എന്നാണ് വിവരം. എന്നാല്‍ താരതമ്യേന തിരക്കേറിയ കോഴിക്കോട് റൂട്ട് എന്തിന് റദ്ദാക്കി എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.
പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിലാണ് എയര്‍ ഇന്ത്യ. 220 ബോയിങ് വിമാനങ്ങളും 250 എയര്‍ ബസുകളും വാങ്ങാനാണ് തീരുമാനം. 7000 കോടി ഡോളര്‍ ചെലവിട്ടാണ് ഇവ വാങ്ങുന്നത്. സര്‍വീസുകള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. അതേസമയം, വിമാനങ്ങള്‍ റദ്ദാക്കി, ചെറുവിമാനങ്ങള്‍ വിന്യസിക്കുന്നതിലൂടെ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് ദെയ്‌റ ട്രാവല്‍സ് ജിഎം ടിപി സുധീഷ് പറയുന്നു.
വിമാനങ്ങള്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തുന്നത്. പിന്നെ എന്തിനാണ് എയര്‍ഇന്ത്യ വിമാനം പിന്‍വലിച്ചത്. പ്രത്യേകിച്ച് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍. ഇത് യാത്രാ നിരക്ക് വര്‍ധിക്കാന്‍ കാരണമാകും. സീറ്റുകള്‍ കിട്ടാതെ വരുന്നതോടെ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും. കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വലിയ ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് പകരം ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത് എന്ന കാര്യവും സുധീഷ് ചൂണ്ടിക്കാട്ടുന്നു.
വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അവസരം നല്‍കിയാല്‍ പ്രതിസന്ധിക്ക് പരിഹാരമാകും. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
യുഎഇയില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനും പുതിയ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിലവില്‍ വലിയ തോതില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടില്ല എന്നാണ് കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. 10000-15000ത്തിന് ഇടയിലാണ് നിലവിലെ ടിക്കറ്റ് നിരക്കുകള്‍. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications