യാചകര്‍ക്കായി വല വിരിച്ച് ദുബായ് പോലീസ്; 40000 ദിര്‍ഹവുമായി ഒരാള്‍ പിടിയില്‍
ദുബായ്: 40,000 ദിര്‍ഹവുമായി യാചകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റമദാന്‍ മാസമായതിനാല്‍ ആളുകളുടെ കാരുണ്യം മുതലെടുത്താണ് ഇയാള്‍ ഇത്രയധികം പണം സ്വരൂപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിദേശ കറന്‍സികളും ഇയാളില്‍ നിന്നു പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. റമദാന്‍ മാസം ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് ഇത്രയും പണം ഇയാളുണ്ടാക്കിയത്. മാര്‍ച്ച് 18ന് ശേഷം മുതല്‍ റമദാന്‍ ഒന്ന് വരെ 178 യാചകരെയാണ് പോലീസ് പിടികൂടിയത്. പണം സമ്പാത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭിക്ഷാടനത്തിന് റമദാനില്‍ കൂടുതല്‍ പേര്‍ എത്തുന്നുവെന്നും പോലീസ് സംശയിക്കുന്നു.
റമദാന്‍ മാസം വലിയ തോതില്‍ യാചകര്‍ നിരത്തിലിറങ്ങാറുണ്ട്. വിശ്വാസികള്‍ ഈ മാസം കൂടുതല്‍ ദാനധര്‍മങ്ങള്‍ ചെയ്യാറുണ്ട് എന്നതിനാല്‍ ഇതു മുതലെടുത്താണ് രാജ്യത്തിനു പുറത്തുനിന്നു പോലും ആളുകള്‍ യുഎഇയിലേക്ക് എത്തുന്നത്. ഇത്തരം യാചകര്‍ വിദേശത്തു നിന്ന് ആളെയെത്തിച്ചാണ് വന്‍തോതില്‍ ഭിക്ഷാടന തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ പിടിയിലാവുന്നവര്‍ക്ക് ആറുമാസത്തില്‍ കുറയാത്ത തടവും കുറഞ്ഞത് ഒരു ലക്ഷം ദിര്‍ഹം പിഴയും ചുമത്തുമെന്ന് നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ അദീദി വ്യക്തമാക്കി. യാചകരെക്കുറിച്ച് 901 എന്ന ടോള്‍ ഫ്രീ നമ്പരിലോ ദുബയ് പോലീസിന്റെ ആപ് മുഖേനയോ വിവരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റമദാനിലെ ഭിക്ഷാടനം അധികൃതര്‍ വിലക്കിയിരുന്നു. നേരിട്ടും സാമൂഹിക മാധ്യമങ്ങള്‍ വഴിയും കദനകഥകള്‍ ചമച്ച് നടത്തുന്ന ഭിക്ഷാടനത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കിടെയാണ് പണവുമായി യാചകനെ പൊലീസ് പിടികൂടിയത്. 2018ലെ ഫെഡറല്‍ നിയമം 9 പ്രകാരം ഭിക്ഷാടനം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് കേണല്‍ അഹമ്മദ് അല്‍ അദീദി പറഞ്ഞു. അര്‍ഹരായവരെ സഹായിക്കാന്‍ ഔദ്യോഗികമായ സന്നദ്ധ സംഘടനകളും അധികൃതരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെയും സുരക്ഷയ്ക്കു വലിയ ഭീഷണിയാണ് യാചകരുണ്ടാക്കുന്നത്. യാചകരുള്‍പ്പെടുന്ന പോക്കറ്റടി സംഭവങ്ങള്‍ വര്‍ധിച്ചതിനാല്‍ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേണല്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മുഖേന പ്രയാസ ജീവിതം ചൂണ്ടിക്കാട്ടി പണം തട്ടിപ്പ് നടത്തുന്നവരുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴി അറിയിക്കണമെന്നും കേണല്‍ അഹമ്മദ് അല്‍ അദീദി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications