കേരളത്തിലേക്ക് സന്ദര്‍ശകരെ ക്ഷണിച്ച് ദുബായ് ടാക്‌സി
ദുബായ്: കേരളത്തിന്റെ ഹരിതഭംഗി ആസ്വദിക്കാന്‍ ലോകസഞ്ചാരികളെ ക്ഷണിച്ച് ദുബായ് ടാക്‌സിയില്‍ പതിച്ച പരസ്യം മലയാളികളില്‍ കൗതുകം ഉണര്‍ത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ദുബായ് നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സികളിലാണ് കേരളത്തിലേക്ക് സന്ദര്‍ശകരെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കേരള ടൂറിസം വകുപ്പ് നല്‍കിയിരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹരമായ ചിത്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ക്യാപ്ഷനുകളും അറബികളടക്കമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. തുര്‍ക്കിയടക്കം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ട പല രാജ്യങ്ങളിലും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും ആഭ്യന്തര കലഹങ്ങളും സഞ്ചാരികളെ കേരളം പോലുള്ള പ്രക്യതി രമണീയവും സുരക്ഷിതവുമായ ഇടങ്ങളിലേക്ക് മാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

കേരളത്തിലെ മണ്‍സൂണും പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാ രീതികളും പരമാവധി ആളുകളിലെത്തിച്ച് കേരളത്തിന്റെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ്വ് നേടിയെടുക്കുവാന്‍ ഇത്തരത്തിലുള്ള പരസ്യം ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യാ ടൂറിസം മുന്‍കാലങ്ങളില്‍ ഇത്തരം പരസ്യങ്ങളില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും കേരള ടൂറിസം ഇതാദ്യമായാണ് ശ്രദ്ദയില്‍പ്പെടുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.
സ്വന്തം നാടിനെ കുറിച്ചുള്ള പരസ്യം ദുബായ് പോലുള്ള വന്‍നഗരങ്ങളില്‍ കാണാന്‍ ഇടയായതില്‍ ഏറെ അഭിമാനിക്കുന്നതായി പയ്യന്നൂര്‍ സ്വദേശിനിയും ദുബായില്‍ ഫാര്‍മസിസ്റ്റുമായ പ്രസീത രാജേഷ് പറഞ്ഞു. ഇവര്‍ തന്നെയാണ് വാര്‍ത്താ ചിത്രം വണ്‍ഇന്ത്യയ്ക്ക് അയച്ചു തന്നതും. അബുദാബി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെത്തിയ യുഎഇ ലെ പല അറബ് വാര്‍ത്താ മാധ്യമങ്ങളും കേരളത്തിലെത്തി കേരളത്തെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്തുവെന്ന് അനുമാനിക്കാം.












Click it and Unblock the Notifications