ദുബായ് ട്രാം നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങും
ദുബായ്: ദുബായ് ട്രാം നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങും. ട്രാമിന്റെ പരീക്ഷണ സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആരംഭിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്രാമിന്റെ പരീക്ഷണ യാത്രയില്‍ പങ്കാളിയായി. അല്‍ സുഫയിലാണ് ട്രാമിന്റെ പരീക്ഷണ യാത്ര ആരംഭിച്ചത്.
25 ട്രാം ട്രെയിനുകള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ കെട്ടിടങ്ങള്‍, ക്ളീനിംഗ്‌സെന്ററുകള്‍ എന്നിവയാണ് അല്‍ സുഫയിലുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് ട്രാമിന്റെ പാത നിര്‍മ്മാണം നടക്കുന്നത്. പ്രധാനമായും 10.6 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. ദുബായ് മരീനയില്‍ നിന്നും ദുബായ് പൊലീസ് അക്കാദമി വരെ നീളുന്ന പാതയാണിത്. 17 സ്റ്റോപ്പുകള്‍ ആണ് ഈ പാതയില്‍ ട്രാമിനുള്ളത്. 11 ട്രാമുകളാണ് ഒന്നാം ഘട്ടത്തില്‍ ഉള്ളത്.

രണ്ടാം ഘട്ടത്തില്‍ 14.6 കിലോമീറ്റര്‍ നീളമുള്ള പാതയിലാണ് ട്രാം ഓടുക. 14 ട്രാമുകളാണ് രണ്ടാം ഘട്ടത്തില്‍ സര്‍വീസ് നടത്തുക. എല്ലാ ട്രാമുകളിലും എഴ് കോച്ചുകള്‍ വീതമാണുണ്ടാവുക. ഒരു ദിവസം 2700 യാത്രക്കാരെയാണ് തുടക്കത്തില്‍ ട്രാമില്‍ പ്രതീക്ഷിയ്ക്കുന്നത്. എന്നാല്‍ 2020 ആവുമ്പോഴേയ്ക്കും യാത്രക്കാരുടെ എണ്ണം ദിവസം 66,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ദുബായിലെ പ്രധാന ജനവാസ കേന്ദ്രങ്ങളെല്ലാം സ്പര്‍ശിച്ചു കൊണ്ടാണ് ട്രാം ഓടുന്നത്. ദുബായ് മറീന, ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി, നോളജ് വില്ലേജ് എന്നിവയെല്ലാം ട്രാമിന്റെ സഞ്ചാര പാതിയില്‍ ഉള്‍പ്പെടുന്നുണ്ട്.വഴിയാത്രക്കാര്‍ക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനായി നാല് ശീതീകരിച്ച നടപ്പാലങ്ങളും സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications