ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാന്‍ കേരളത്തിനൊപ്പം ആഘോഷിക്കും
റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാള്‍. ഒമാനില്‍ ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്തര്‍. ഒമാനിലെ ആഘോഷം കേരളത്തോടൊപ്പമായിരിക്കും.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. സൗദിയിലാണ് ശവ്വാല്‍ പിറ കണ്ടത്. ഇതേ തുടര്‍ന്നാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും വെള്ളിയാഴ്ച പെരുന്നാള്‍ പ്രഖ്യാപിച്ചത്.

ഗള്‍ഫിലും കേരളത്തിലും ഇത്തവണ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. പക്ഷേ, പെരുന്നാള്‍ ഒരു ദിവസം മുമ്പാണ് ഗള്‍ഫില്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമായില്ല. ഇതേ തുടര്‍ന്ന് ഖാസിമാര്‍ ശനിയാഴ്ച ഈദ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ ശനിയാഴ്ച കൂടി അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.
ഒമാനില്‍ പെരുന്നാള്‍ അവധി അഞ്ച് ദിവസമായിരിക്കും. വാരാന്ത്യ ദിനങ്ങള്‍ അടക്കമാണിത്. 198 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 89 വിദേശികളും ഉള്‍പ്പെടും. ഏപില്‍ 25ന് സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ഒമാന്‍ സുല്‍ത്താന്‍ മസ്‌ക്കത്തിലെ അല്‍ഖോര്‍ മസ്ജിദിലാകും പെരുന്നാള്‍ ജുമുഅ നിര്‍വഹിക്കുക.
അതേസമയം, യുഎഇയില്‍ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. അബുദാബിയില്‍ വെള്ളിയാഴ്ച രാവിലെ 6.12നും അല്‍ഐനില്‍ 6.06നും ദുബായില്‍ 6.10നും ആയിരിക്കും നിസ്‌കാരം. ഷാര്‍ജയില്‍ 6.07നായിരിക്കും നിസ്‌കാരം. പ്രവാസികള്‍ ഉള്‍പ്പെടെ പെരുന്നാള്‍ ആഘോഷിക്കാനുള്ള തിരക്കിലാണ്. അവധിയായതിനാല്‍ പലരും യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍. കേരളത്തില്‍ ഇത്തവണ 30 നോമ്പ് ലഭിക്കും. അഞ്ച് വെള്ളിയാഴ്ച റമദാനില്‍ കിട്ടുന്നത് വലിയ കാര്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. എല്ലാവരും വെള്ളിയാഴ്ച സല്‍ക്കര്‍മങ്ങളില്‍ മുഴുകി പെരുന്നാള്‍ ഒരുക്കം നടത്തണമെന്നും ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭ്യര്‍ഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍...
സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി തുടങ്ങിയവര്‍ പെരുന്നാള്‍ ശനിയാഴ്ചയാകുമെന്ന് അറിയിച്ചു.












Click it and Unblock the Notifications