അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; വിട പറഞ്ഞത് തൊട്ടതെല്ലാം പൊന്നാക്കിയ വ്യവസായി
ദുബായ്: പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പുതിയ ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം. കഴിഞ്ഞ അഗസ്റ്റില്‍ ബര്‍ദുബായിലെ വസയതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു അറ്റലസ് രാമചന്ദ്രന്‍ എന്നറിയപ്പെട്ട ഡോ എം എം രാമചന്ദ്രന്‍. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. പരേതനായ വി കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ ജനിച്ചത്. രാധ, രവീന്ദ്രന്‍, രത്‌നം, രാജേന്ദ്രന്‍, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങള്‍. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.












Click it and Unblock the Notifications