സർക്കാർ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത പ്രവാസിക്ഷേമം: 9 കോടിയുടെ വായ്പയ്ക്ക് നിർദേശം
സമാനതകൾ ഇല്ലാത്തവിധമുള്ള പ്രവാസിക്ഷേമ പദ്ധതികളും പരിപാടികളുമാണ് നോർക്ക റൂട്ട്സ് നടപ്പിലാക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന നോർക്ക- കാനറ ബാങ്ക് പ്രവാസി ലോൺമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിന് ഗുണപരമായ പങ്കു വഹിക്കാൻ നോർക്ക റൂട്ട്സിന് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വൻകിട കോർപ്പറേറ്റുകൾക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് താല്പര്യമാണ്. എന്നാൽ ചെറിയ വായ്പകൾ വഴി സമൂഹത്തിൽ താഴെ തട്ടിൽ സാമ്പത്തിക അനുരണനങ്ങൾ സൃഷ്ടിക്കേണ്ട ധനകാര്യ സ്ഥാപനങ്ങൾ അതിന് മടിക്കുന്ന സാഹചര്യത്തി ലാണ് നോർക്ക റൂട്ട്സിൻ്റെ പുനരധിവാസ പദ്ധതികൾക്ക് പ്രസക്തിയേറുന്നത്. വായ്പ കൊടുക്കേണ്ട സ്ഥാപനങ്ങളെയും ധനസഹായം ആവശ്യമുള്ള സംരംഭകരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന 50 വായ്പമേളകൾ ഇതിനകം നോർക്ക പ്രവാസികൾക്കായി സംഘടിപ്പിച്ചു കഴിഞ്ഞു.

നോർക്ക സബ്സിഡിയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 1600 -ലധികം സംരംഭങ്ങളാണ് ആരംഭിച്ചത്. ഇന്ത്യയിൽ മികച്ചരീതിയിൽ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിനുള്ള കഴിഞ്ഞ വർഷത്തേയും ഇക്കൊല്ലത്തേയും സ്കോച്ച് അവാർസുകൾ നേടാൻ നോർക്ക റൂട്ട്സിനെ അർഹമാക്കിയതും രാജ്യത്തിന് തന്നെ മാതൃകയായ പുനരധിവാസ, ഏകീകരണ പദ്ധതികളാണെന്നും പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ഒറ്റപ്പാലം ജെ.ആര്‍.ജെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോൺ മേളയിൽ ഒൻപത് കോടി രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 79 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പാ ലഭ്യമാക്കും. കാനറാ ബാങ്ക് ചിഫ് മാനേജര്‍ കാര്‍ത്തികേയന്‍. കെ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
വായ്പാ പദ്ധതിയെപ്പറ്റി എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ. ആർ, ബാങ്ക് വായ്പ്പയെ സംബന്ധിച്ച് കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ബിനില്‍ എന്നിവർ വിശദീകരിച്ചു.നോര്‍ക്ക അസി. മാനേജർ ജെന്‍സി ജോസി ചടങ്ങിന് നന്ദി പറഞ്ഞു. മേളയിൽ ആകെ 125 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള പ്രവാസിസംരംഭങ്ങള്‍ക്കാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം വായ്പ അനുവദിക്കുക.












Click it and Unblock the Notifications