യുഎഇയില്‍ പ്രവാസികള്‍ക്ക് ഇനിമുതല്‍ രണ്ട് ഭാര്യമാരെ സ്പോണ്‍സർ ചെയ്യാം: പുതിയ മാറ്റങ്ങള്‍ അറിയാം
അബുദാബി: പ്രവാസികള്‍ക്ക് ഒരേ സമയം രണ്ട് ഭാര്യമാരെ സ്പോൺസർ സമ്പ്രദായത്തിലൂടെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള അനുമതി നല്‍കി യു എ ഇ. മുസ്ലിംങ്ങളായ പ്രവാസികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഇത് സംബന്ധിച്ച ഉത്തരവ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) വകുപ്പ് പുറത്തിറക്കിയെന്നാണ് പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഐ സി പി നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചായിരിക്കും വിസ അനുവദിക്കുക. 'അർഹമായ എല്ലാ യോഗതകളുമുള്ള ഒരു മുസ്ലിം പ്രവാസിയുടെ രണ്ട് ഭാര്യമാർക്കും, അവരുടെ കുട്ടികള്‍ക്കും യു എ ഇ താമസ വിസക്ക് ഇനിമുതല്‍ യോഗ്യതയുണ്ടായിരിക്കും'- ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭാര്യമാരെ സ്പോണ്‍സർ ചെയ്യുന്നതിന് വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. വിവാഹ സർട്ടിഫിക്കറ്റ് അറബിയില്‍ ഉള്ളതല്ലെങ്കില്‍ അംഗീകൃത വിവർത്തകനെകൊണ്ട് അറബിയിലേക്ക് വിവർത്തനം ചെയ്യിപ്പിച്ച് വേണം സർട്ടിഫിക്കറ്റ് ഹാജരാക്കാന്‍.

പ്രവാസിയായ പിതാവിന് അവിവാഹിതരായ പെൺമക്കളെ അവരുടെ പ്രായം പരിഗണിക്കാതെയും ആണ്‍മക്കളെ 25 വയസ്സ് തികയുന്നതുവരേയും സ്പോൺസർ ചെയ്യാന്‍ സാധിക്കും. പ്രത്യേക ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പ്രായപരിധിയില്ലാതെ തന്നെ സ്പോൺസർഷിപ്പ് അനുവദിക്കുകയും ചെയ്യും. മറ്റ് ആവശ്യമായ രേഖകള്‍ക്കൊപ്പം ബയോളജിക്കൽ രക്ഷിതാവിൽ നിന്നും രേഖാമൂലമുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ രണ്ടാനച്ഛൻമാർക്കും താമസ വിസയില്‍ കുട്ടികളെ യു എ ഇയിലേക്ക് കൊണ്ടുവരാം.
നവജാതശിശുക്കളെ സ്പോൺസർ ചെയ്യുന്നതിന് പിഴ ഒഴിവാക്കുന്നതിന് വേണ്ടി കുഞ്ഞ് ജനിച്ച് 120 ദിവസത്തിനുള്ളിൽ പിതാവ് റസിഡൻസ് പെർമിറ്റ് നേടിയിരിക്കണമെന്നും ഐസിപി വ്യക്തമാക്കുന്നു. ഓൺലൈനായോ രജിസ്റ്റർ ചെയ്ത സെന്ററുകൾ വഴിയോ പ്രവാസികള്‍ക്ക് കുടുംബത്തിന് വേണ്ടി താമസ വിസക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഭാര്യയുടെയും കുട്ടികളുടെയും പാസ്‌പോർട്ടിന്റെ പകർപ്പുകൾ, ഫോട്ടോകള്‍ എന്നിവയും സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
ഭാര്യക്കും പതിനെട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വരും. ഭർത്താവിന്റെ തൊഴിൽ കരാറിന്റെ അല്ലെങ്കിൽ കമ്പനിയുടെ കരാറിന്റെ പകർപ്പ്, ഭർത്താവിന്റെ മാസ ശമ്പളം വ്യക്തമാക്കുന്ന ശമ്പള സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, വാടക കരാർ എന്നിവയും താമസ വിസക്ക് അപേക്ഷിക്കുന്നതിന് വേണ്ടി ഹാജരാക്കണമെന്നും ഐ സി പി വ്യക്തമാക്കുന്നു.












Click it and Unblock the Notifications