മുഖ്യമന്ത്രിയുടെ വരവും കാത്ത് പ്രവാസി മലയാളികള്‍
ദുബായ്: കേരളത്തിന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നവരാണ് ഗള്‍ഫ് പ്രവാസികള്‍. ഗള്‍ഫില്‍ വലതു പക്ഷത്തിനാണ് മുന്‍തൂക്കമെങ്കിലും ജാതിയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ഒരു മുറിയില്‍ കഴിഞ്ഞ് കൂടുന്നവര്‍ക്കുമുണ്ട് കേരളത്തിനെ കുറിച്ച് ഒട്ടേറെ പ്രതീക്ഷകള്‍. കേരളത്തിലുണ്ടായ പുതിയ ഭരണ മാറ്റത്തിലും ഇത്തരം പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുമോ എന്ന് കാത്തിരിക്കുകയാണ് ഗള്‍ഫ് മലയാളികള്‍.
വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ വ്യത്യസ്ത കാഴ്ചപ്പാടുകളോടെയാണ് പുതിയ മന്ത്രിസഭയെ വിലയിരുത്തുന്നത്. എങ്കിലും പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്ക് മുമ്പിലവതരിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. വിമാനയാത്രാക്കൂലി, വിമാനത്താവളങ്ങളില്‍ വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവരുന്ന പീഡനം, കേരള എയര്‍ലൈന്‍സ് എന്ന പ്രവാസികളുടെ സ്വപ്ന പദ്ധതി തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പുതിയ മന്ത്രിസഭ എന്ത് നടപടികള്‍ കൈകൊള്ളുമെന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്.
മോദിയെ പോലെ പിണറായിയും പ്രവാസിവകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിക്കാതെ പ്രവാസികളെ അവഹേളിച്ചു എന്നാണ് കോണ്‍ഗ്രസ്സ് സംഘടനകളുടെ ആക്ഷേപം. എന്നാല്‍ പ്രവാസികാര്യ വകുപ്പ് കെടി ജലീല്‍ കൈകാര്യം ചെയ്യുമെന്ന് പലരും പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി തന്നെ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് തിരുവന്തപുരത്തു നിന്നുള്ള വാര്‍ത്തകള്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ ചില ഗള്‍ഫ് പര്യടനങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം തന്നെയാണ് പ്രവാസികാര്യ വകുപ്പിന് യോഗ്യനായ മന്ത്രി എന്നാണ് പ്രവാസികളില്‍ പലരുടെയും അഭിപ്രായം. എന്തായാലും തനിക്കും പാര്‍ട്ടിക്കും ഇത്തരത്തിലുള്ള ഒരു വലിയ വിജയം കൈവരിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന പ്രവാസികളെ എല്ലാ തിരക്കുകളും മാറ്റി വെച്ച് നേരിട്ട് കാണാന്‍ വരുമെന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍.












Click it and Unblock the Notifications