ഹാജിമാരുടെ സുരക്ഷക്കായി കൂടുതല്‍ സൈനീകരെ അറഫയിലും പരിസരത്തും വിന്യസിപ്പിച്ചു
സൗദി: കനത്ത തിക്കിലും തിരക്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി അറഫയിലും പരിസരത്തും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സൗദി സിവില്‍ ഡിഫന്‍സ് വിന്യസിപ്പിച്ചു. ഏതാണ്ട് 20 ലക്ഷത്തിലധികം ഹാജിമാരാണ് അറഫാ സംഗമത്തില്‍ ഒത്തുകൂടുന്നത്. രോഗികളായ ഹാജിമാരെ പരിപാലിക്കുന്നതിനും പ്രാഥമിക ചികിത്സ നല്‍കുന്നതിനും 140 കിടക്കകളും തീവ്രപരിചരണ വിഭാഗത്തിന്റെ പ്രതേക യൂണിറ്റുമായി അറഫയിലെ ജബല്‍ റഹ്മ ആശുപത്രിയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
കനത്ത ചൂട് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറഫാ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ഇളം കാറ്റ് ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി. സൗദിയില്‍ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. എന്നാല്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി പ്രതേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ മക്കയിലും അറഫയിലും കൂടുതലായി വിന്യസിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനെത്തിയ ഹാജിമാര്‍ മെട്രോയിലാണ് അറഫിയിലെത്തിയത്. സ്വകാര്യ ഗ്രൂപ്പ് വഴി എത്തിയവര്‍ ബസ്സ് വഴിയും അറഫിയിലെത്തിയിട്ടുണ്ട്. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മങ്ങളിലൊന്നാണ് അറഫ സംഗമം. അറഫിയിലെത്താത്തവര്‍ക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ലെന്നാണ് വിശ്വാസം. പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദി ഗ്രാന്റ് മുഫ്തി മസ്ജിദുന്നമിറയില്‍ ഖുതുബ നടത്തും.
തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് ചുരുക്കി നമസ്‌കരിക്കും. മനസ്സില്‍ ഭയഭക്തിയോടെയുള്ള പ്രാര്‍ഥനകളും സ്മരണകളുമായി സൂര്യാസ്തമയം വരെ ലക്ഷക്കണക്കിന് ഹാജിമാര്‍ അറഫയില്‍ ഒരുമിച്ച് കഴിയും.












Click it and Unblock the Notifications