'മലയാളിക്ക് പാര മലയാളി തന്നെ': 35 ലക്ഷത്തിന്റെ വന്‍ ചതി, അബുദാബിയില്‍ കുടുങ്ങി മുന്‍ സൈനികന്‍
അബുദാബി: അന്യനാടുകളില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ഏറ്റവും കൂടുതല്‍ പാരയാകുന്നത് മലയാളികള്‍ തന്നെയാണെന്നാണ് പൊതുവെ പറയാറുള്ളത്. കൊല്ലം സ്വദേശിയായ തോമസ് കുട്ടിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് വെറും പറച്ചില്‍ മാത്രമല്ല, നേരനുഭവമാണ്.
മലയാളിയായ സ്വന്തം തൊഴില്‍ ഉടമയുടെ ചതിയില്‍ അകപ്പെട്ട തോമസ് ഇന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ പോലും അബുദാബിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. 1,62,000 ദിർഹത്തിന്റെ (35 ലക്ഷത്തോളം രൂപ) ബാധ്യത അടച്ച് തീർത്താല്‍ മാത്രമേ മുന്‍ സൈനികന്‍ കൂടിയായ തോമസിന് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയുള്ളു.

മലയാളിയായ സ്വന്തം തൊഴില്‍ ഉടമയാണ് തോമസ് കുട്ടിയുടെ കഥയിലെ വില്ലന്‍. ഷാർജയിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ വാടക കരാർ ചതിയിലൂടെ തോമസ് കുട്ടിയുടെ പേരിലാക്കുകയായിരുന്നു. പിന്നീട് ഉടമ മുങ്ങിയതോടെയാണ് 35 ലക്ഷം രൂപയുടെ ബാധ്യത തോമസ് കുട്ടിയുടെ ബാധ്യതയായി മാറിയത്.

ജോലിയോ ശമ്പളമോ ഇല്ലാത്ത സാഹചര്യത്തില്‍ അബുദാബിയില്‍ തുടരുന്ന തോമസ് കുട്ടിയെ രോഗവും അലട്ടുന്നുണ്ട്. തോമസിനെ എങ്ങനെയങ്കിലും ഈ ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്ക് അയക്കാന്‍ ഇന്ത്യൻ ഭരണാധികാരികൾക്കും യുഎഇയിലെ സമ്പന്നരായ മനുഷ്യസ്നേഹികൾക്കും നിവേദനം നൽകിയെങ്കിലും അതൊന്നും ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല.

22 വർഷത്തോളം നീണ്ട ഇന്ത്യന്‍ പട്ടാള ജീവിതത്തില്‍ നിന്നും വിരമിച്ചതിന് ശേഷം 2015 ഡിസംബറിലാണ് തോമസ് കുട്ടി യു എ ഇയിലെത്തുന്നത്. ഷാര്‍ജയില്‍ ഒരു സ്ക്രാപ് കമ്പനിയിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. തുടക്കത്തില്‍ നല്ല രീതിയിലായിരുന്നു കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ തന്നെ ഉടമ തൃശൂര്‍ സ്വദേശി ഷൈജു തോമസിന്റെ അറിവില്ലായ്മയെ വളരെ ആസൂത്രിതമായി മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതെന്നാണ് മനോരമ റിപ്പോർട്ടില്‍ പറയുന്നത്.

തോമസ് കുട്ടിക്ക് വീസ എടുക്കുന്നതിനുള്ള നിയമപരമായ രേഖകളുടെ കൂട്ടത്തില്‍ വാടക കരാർ രേഖ കമ്പനി ഉടമ തൃശൂർ സ്വദേശി ഷൈജു തിരുകിവച്ച് തോമസ് കുട്ടി അറിയാതെ അദ്ദേഹത്തിന്റെ ഒപ്പ് നേടിയെടുക്കുകയായിരുന്നു. ഇത്തരമൊരു കരാറിനെക്കുറിച്ച് അടുത്ത കാലം വരെ തോമസ് കുട്ടിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

കമ്പനി നഷ്ടത്തിലായെന്ന കാരണം പറഞ്ഞ് 2016 ലാണ് വീസ റദ്ദാക്കി തോമസ് കുട്ടിയെ നാട്ടിലേക്ക് പറഞ്ഞയക്കുന്നത്. 2017 ല്‍ വീണ്ടും ജോലിക്കായി അബുദാബിയിലേക്ക് എത്തി. ചെറിയ ചില ജോലികള്‍ ചെയ്തായിരുന്നു ഉപജീവനം. എന്നാല്‍ അസുഖ ബാധിതനായി ഈ വർഷം ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങാനായി ദുബായി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു തനിക്ക് യാത്ര വിലക്കുണ്ടെന്ന കാര്യം തോമസ് കുട്ടി അറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ പേരില്‍ ഇത്തരമൊരു കരാർ ഉണ്ടെന്ന് അറിയുന്നത്. വാടകയ്ക്ക് എടുത്ത ഫ്ലാറ്റിന്റെ മാസവാടക കഴിഞ്ഞ മൂന്നു വർഷമായി അടക്കാതെ ഇരുന്നതിനാൽ ഷാർജ മുനിസിപ്പാലിറ്റി തോമസ് കുട്ടിക്കെതിരെ കേസ് കൊടുത്തിരിക്കുകയായിരുന്നു. പിഴത്തുക 162000 ദിർഹം അടച്ചാല്‍ മാത്രമേ അദ്ദേഹത്തിനെ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളു.

യാതൊരു ജോലിയും ചെയ്യാൻ കഴിയാതെ മുറിക്കുള്ളില്‍ ഭയത്തോടെ ജീവിക്കേണ്ടുന്ന അവസ്ഥയിലാണ് തോമസ് കുട്ടി ഇപ്പോള്‍. കമ്പനി ഉടമയെ വിചാരിച്ചാൽ തോമസിനെ രക്ഷപ്പെടുത്താൻ സാധിച്ചേക്കും. എന്നാല്‍ തോമസ് കുട്ടി തന്റെ ദുരവസ്ഥ വിവരിച്ച് സഹായം അഭ്യർഥിച്ചെങ്കിലും തനിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ സുമനസ്സുകളാരെങ്കിലും സഹായിക്കാന്‍ വന്നാല്‍ തോമസ് കുട്ടിയുടെ പ്രശ്നം എളുപ്പത്തില്‍ തീരുമെന്നുമാണ് നിയമപരമായ സഹായങ്ങൾ നൽകുന്ന അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് വ്യക്തമാക്കുന്നത്. ഫോണ്‍:+971 50 142 4228. +971 52 731 8377 (അഡ്വ. പ്രീത).












Click it and Unblock the Notifications