ഫുജൈറ: വീടിന് തീപിടിച്ച് ഒരുവയസുകാരി മരിച്ചു
ഫുജൈറ: ഫുജൈറയില്‍ വീടിന് തീപിടിച്ച് ഒരുവയസുകാരി മരിച്ചു. ചൊവ്വാഴ്ച (ജൂണ്‍ 10) രാവിലെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായ വിവരം ഫുജൈറ സിവില്‍ ഡിഫന്‍സിന് ലഭിയ്ക്കുന്നത്. സംഭവ സ്ഥലത്തെത്തുമ്പോഴേയ്ക്കും വീട് ഏറെക്കുറെ തീപിടിച്ചിരുന്നു.
തീപിടിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ ഫുജൈറയിലെ ഒരു ആസുപത്രിയിലേക്ക് മാറ്റി. അച്ഛനും അമ്മയും രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെട്ട കുടുംബമാണ് അപകടത്തില്‍ പെട്ടത്.

സംഭവത്തില്‍ ഒരു വയസുകാരിയായ പെണ്‍കുട്ടി ആശുപത്രിയിലെത്തിച്ചപ്പേഴേയ്ക്കും മരിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി തീപ്പൊള്ളലേറ്റിരുന്നു. പുകയേറ്റതും മരണത്തിന് ഇടയാക്കി. ആശുപത്രിയിലാക്കിയ മറ്റ് കുടുംബാംഗങ്ങളില്‍ ചിലരുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുഎഇയില്‍ പലയിടത്തും ഇത്തരത്തില്‍ തീപിടിത്തം ഉണ്ടാകാറുണ്ട്.












Click it and Unblock the Notifications