ഗ്ലോബൽ ഗോൾസ് വേൾഡ് കപ്പ് ജനുവരി 19ന്
ദുബായ്: യുഎൻ രാജ്യാന്തര തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടു ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സസ്റ്റെയ്നബിൾ മൈൻഡ്സ്, ഡെൻമാർക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഇഐആർ സോക്കർ എന്നിവർ ചേർന്ന് ഗ്ലോബൽ ഗോൾസ് വേൾഡ് കപ്പ് യുഎഇ (ജിജിഡബ്ല്യു കപ്പ് യുഎഇ) അടുത്തവർഷം ജനുവരി 19ന് സംഘടിപ്പിക്കും.

ഡെൻമാർക്ക് എംബസി, സേവ് ദ് ചിൽഡ്രൻ ഇന്റർനാഷനൽ, യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ രക്ഷാകർത്തൃത്വത്തിലാണ് വനിതകൾക്കു മാത്രമായി നടക്കുന്ന മൽസരം. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പെൺകുട്ടികളെയും വനിതകളെയും ശാക്തീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണമാണ് രാജ്യാന്തര സോക്കർ ടൂർണമെന്റ് വഴി ലക്ഷ്യമിടുന്നത്. അഞ്ചു കളിക്കാർ വീതമുള്ള 24 ടീമുകളാണ് ഏകദിന മൽസരത്തിൽ പങ്കെടുക്കുന്നത്.

ബോളിവുഡ് സൂപ്പർസ്റ്റാർ ജോൺ ഏബ്രഹാം ടൂർണമെന്റിന്റെ അംബാസഡറാണ്. അദ്ദേഹം മൽസരത്തിനെത്തുമെന്ന് ബന്ധപ്പെട്ടവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നതാണു ടൂർണമെന്റെന്ന് അധികൃതർ പറഞ്ഞു. മൽസരത്തിൽ പങ്കെടുക്കുന്ന ടീമുകൾ യുഎന്നിന്റെ 17 ലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രചാരണത്തിനായി തിരഞ്ഞെടുക്കണം. വിജയിക്കുന്ന ടീമിനു ന്യ ന്യൂയോർക്കിൽ സെപ്റ്റംബറിൽ നടക്കുന്ന രാജ്യാന്തര ഫൈനലിൽ പങ്കെടുക്കാം. റജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റ്: www.ggwcup.com.












Click it and Unblock the Notifications