വിലയില്‍ വന്‍കുറവ്; സ്വര്‍ണം വാങ്ങാന്‍ ദുബായില്‍ പോണം!! 4000 രൂപ ലാഭം, ഇന്നത്തെ സ്വര്‍ണവില
യുഎഇയില്‍ കേരളത്തിലേക്കാള്‍ സ്വര്‍ണവില കുറവാണെന്ന് കരുതി നാട്ടിലേക്ക് പരിധി വിട്ട് കൊണ്ടുവരാനാകില്ല

ദുബായ്: സ്വര്‍ണവില മലയാളികളെ സംബന്ധിച്ചിടത്തോളം കൈയ്യെത്താ ദൂരത്തേക്ക് ഉയരുകയാണ്. പവന്‍ വില 42000 കടന്ന് കുതിക്കുന്നത് ആശ്ചര്യത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. ഈ വര്‍ഷം മാത്രം 2000 രൂപ പവന് വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മലയാളികളുടെ രണ്ടാം വീട് എന്നറിയപ്പെടുന്ന യുഎഇയില്‍ സ്വര്‍ണവില വളരെ കുറവാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
യുഎഇയിലും വില കൂടുന്നുണ്ടെങ്കിലും കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. സ്വര്‍ണം വാങ്ങാന്‍ യുഎഇയില്‍ പോകുന്ന മലയാളികളും നിരവധിയാണ് എന്നാണ് പുതിയ വാര്‍ത്തകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും ഉയരുകയാണ്. ഈ മാസം ഒന്നിന് 42200 രൂപയായിരുന്നു പവന്. അന്ന് തന്നെ വീണ്ടും 200 രൂപ ഉയര്‍ന്നു. തൊട്ടടുത്ത ദിവസം വീണ്ടും 480 രൂപ കൂടി 42880 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. കേരളത്തില്‍ ഇന്ന് വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയും ഇതുതന്നെയാണ്. പിന്നീടുള്ള മൂന്ന് ദിവസം കുറഞ്ഞ സ്വര്‍ണവില തിങ്കളാഴ്ച 120 രൂപയും ചൊവ്വാഴ്ച 80 രൂപയും വര്‍ധിച്ച് 42200 രൂപയായി.

ഒരു ഗ്രാം സ്വര്‍ണം കിട്ടാന്‍
22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് കേരളത്തില്‍ 5275 രൂപയാണ് വില. പവന് 42200 രൂപയും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നല്‍കണം. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് പറയുന്നത്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ഇതാണ് കേരളത്തിലെ വിപണിയെയും ബാധിച്ചത്. അതുകൊണ്ടുതന്നെ ഇനിയും വില ഉയര്‍ന്നേക്കും.

യുഎഇയിലെ സ്വര്‍ണവില
എന്നാല്‍ യുഎഇയിലെ കണക്ക് വ്യത്യസ്തമാണ്. യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 ദിര്‍ഹമാണ് വില. അതായത്, 4731 രൂപ. പവന് 37848 രൂപയും. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4000 രൂപയേക്കാള്‍ കുറവാണ് ദുബായില്‍. അതുകൊണ്ടുതന്നെയാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്.

വ്യത്യസ്തമായ ഡിസൈന്‍
യുഎഇയില്‍ സ്വര്‍ണവില കുറവാണ് എന്നത് മാത്രമല്ല കാര്യം, കേരളത്തിലേക്കാള്‍ കൂടുതല്‍ വ്യത്യസ്തമായ ഡിസൈനില്‍ ആഭരണങ്ങള്‍ അവിടെ ലഭിക്കും. സ്വര്‍ണത്തിന്റെ മേന്മയും കൂടും. അതേസമയം, ഇന്ന് യുഎഇയില്‍ വിലയില്‍ മാറ്റമില്ല എന്നാണ് രാവിലെയുള്ള കണക്ക്. എന്നാല്‍ രൂപയുടെയും ദിര്‍ഹത്തിന്റെയും മൂല്യത്തിലുള്ള വ്യതിയാനം സ്വര്‍ണവിലയിലും നേരിയ തോതില്‍ മാറ്റമുണ്ടാക്കും.

നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പരിധി
യുഎഇയില്‍ സ്വര്‍ണവില കുറവാണെന്ന് കരുതി ദുബായിലെത്തി വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ മലയാളികള്‍ക്ക് സാധ്യമല്ല. ആഭരണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പരിധിയുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ പരിധിയാണ്. സ്വര്‍ണക്കട്ടി വാങ്ങുമ്പോള്‍ പരിധിയിലും മാറ്റം വരും. പരിധി ലംഘിച്ച് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നവര്‍ നികുതി ഒടുക്കണം. അല്ലെങ്കില്‍ കസ്റ്റംസിന്റെ പിടിവീഴും.

തീരുവ കൂട്ടിയത് തിരിച്ചടി
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭരണങ്ങളോടുള്ള താല്‍പ്പര്യം താരതമ്യേന ഇന്ത്യാക്കാര്‍ക്ക് കൂടുതലാണ്. എന്നാല്‍ പരിധി വിട്ട് സ്വര്‍ണം ജനങ്ങളുടെ കൈവശമെത്തുന്നത് സര്‍ക്കാര്‍ നിരുല്‍സാഹപ്പെടുത്തും. സ്വര്‍ണ ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തത് ഇതിന്റെ ഭാഗമാണ്. ഇത്തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണാഭരണത്തിന്റെ തീരുവ കൂട്ടിയിട്ടുണ്ട്.

സ്വര്‍ണവില ഇനിയും കൂടുമോ
ഡോളറിന്റെയും രൂപയുടെയും മൂല്യത്തിലുള്ള മാറ്റം. ഡോളറിന് കരുത്ത് കുറയുന്നത്, ചൈന-അമേരിക്ക-യൂറോപ്പ് എന്നിവയുടെ ഓഹരി വിപണികളിലെ തകര്‍ച്ച, യുക്രൈന്‍ യുദ്ധ സാഹചര്യം, ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന ആശങ്ക, വിപണികളിലെ അസ്ഥിരത എന്നിവയെല്ലാമാണ് സ്വര്‍ണത്തിന് വില കൂടാന്‍ കാരണം. സമീപ കാലത്ത് ഇതില്‍ മാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ സ്വര്‍ണവില വലിയ തോതില്‍ താഴില്ല എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications