ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വന്‍ ലാഭം; യുഎഇയോ സൗദിയോ... എവിടെയാണ് വിലക്കുറവ്
ദുബായ്: സ്വര്‍ണവില പിടിവിട്ട് ഉയരുന്ന ഘട്ടത്തില്‍ പ്രവാസികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. കേരളത്തിലേക്കാള്‍ വളരെ വിലക്കുറവാണ് ഗള്‍ഫ് രാജ്യങ്ങളില്‍. എങ്ങനെ കണക്കുകൂട്ടിയാലും ഒരു പവനില്‍ 4000 രൂപയുടെ ലാഭം ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ്. എന്നാല്‍ ഗള്‍ഫില്‍ ഏത് രാജ്യത്താണ് ഏറ്റവും വിലക്കുറവ് എന്ന സംശയം സ്വാഭാവികമാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ ഓരോന്നും നേരിയ മൂല്യ വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ദിവസവും നേരിയ വില മാറ്റം പ്രകടമാണ്. ഇന്ന് ഏപ്രില്‍ എട്ടിലെ വില പരിശോധിച്ചാല്‍ ഏറ്റവും വിലക്കുറവ് കാണുന്നത് യുഎഇയിലാണ്. ഗോള്‍ഡ് സിറ്റിയാണ് ദുബായ്. ഇവിടെ ലഭിക്കാത്ത ഡിസൈനുകളില്ല.

കേരളത്തില്‍ സാധാരണക്കാര്‍ കൂടുതലും വാങ്ങുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. എട്ട് ഗ്രാം ചേരുന്നതാണ് ഒരു പവന്‍. അതേസമയം, ആഗോള വിപണിയിലും ദേശീയ വിപണിയിലും പത്ത് ഗ്രാം സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ വില പറയുന്ന ഘട്ടത്തിലും പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വിലയാണ് രേഖപ്പെടുത്താറ്. എന്നാല്‍ ഗ്രാമിന്റെ വില പറയുന്നത് വേഗം മനസിലാക്കാന്‍ സഹായിക്കും.
സൗദിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 232 റിയാലാണ് വില. ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ വില 5063 രൂപയാകും. കേരളത്തില്‍ ഗ്രാമിന് 5580 രൂപയാണ് എന്ന് ഓര്‍ക്കണം. സൗദിയില്‍ മൂന്ന് ദിവസം മുമ്പ് ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളിലായി വില കുറഞ്ഞുവരികയാണ്. കേരളത്തിലും സമാനമായ തരത്തിലാണ് സ്വര്‍ണവിലയുടെ ട്രെന്‍ഡ്.
യുഎഇയില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 225 ദിര്‍ഹമാണ് വില. ഒരു പവന് 1802 ദിര്‍ഹവും. വെള്ളിയാഴ്ചത്തെ വില ഇന്നും തുടരുകയാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം പറഞ്ഞാല്‍ ഗ്രാമിന് 5022 രൂപയും പവന് 40176 രൂപയുമാണ്. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4500 രൂപയോളം ലാഭമാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത്.
ഖത്തറില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 231 റിയാലാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 246 റിയാലാകും. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് 5185 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാമിന്റെ വിലയാണിത്. പവന് 41485 രൂപയും. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയുടെ ലാഭമാണ് ദോഹയില്‍ കിട്ടുക.
കുവൈത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 19 ദിനാറാണ് വില. 22 കാരറ്റ് സ്വര്‍ണത്തിനാണ് ഈ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 ദിനാറായി ഉയരും. വെള്ളിയാഴ്ചത്തെ വിലയാണ് ഇന്നും രേഖപ്പെടുത്തുന്നത്. അതേസമയം, ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 കാരറ്റ് ഗ്രാമിന് 5096 രൂപയും പവന് 40773 രൂപയും നല്‍കണം. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4000ത്തോളം രൂപയുടെ ലാഭമാണിത്.
ഒമാനില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 24.50 റിയാലാണ് നല്‍കേണ്ടത്. പവന് 196 റിയാലും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഗ്രാമിന് 5211 രൂപയും പവന് 41689 രൂപയും നല്‍കണം. ബഹ്‌റൈനില്‍ ഗ്രാമിന് 23.50 ദിനാര്‍ നല്‍കണം. പവന് 188 ദിനാറും. ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ ഗ്രാമിന് 5104 രൂപയും പവന് 40832 രൂപയും നല്‍കണം. ആറ് ജിസിസി രാജ്യങ്ങളിലും കേരളത്തിലേക്ക് വളരെ വിലക്കുറവാണ്.












Click it and Unblock the Notifications